കഴിഞ്ഞ 6 മാസത്തിനിടെ ചൈനയുടെ നുഴഞ്ഞു കയറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ചൈനയുടെ ഭാഗത്തു നിന്ന് നുഴഞ്ഞു കയറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്നാല്‍ നിയന്ത്രണരേഖ മറികടക്കാന്‍ നിരവധി ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു.

അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം നടന്നുവെന്ന റിപ്പോര്‍ട്ടുകളെ ലഘൂകരിച്ചുകൊണ്ട് ‘നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍’ ഉണ്ടായിട്ടുണ്ട് എന്നാണ് കേന്ദ്രം വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത കേന്ദ്രം നല്‍കിയിട്ടില്ല.

കഴിഞ്ഞ ആറ് മാസത്തിനിടെ ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള അതിര്‍ത്തി ലംഘനങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കില്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ ഇതിനെതിരെ സ്വീകരിച്ചത് എന്ന ബിജെപി എംപിയായ അനില്‍ അഗര്‍വാള്‍ നല്‍കിയ ചോദ്യത്തിനാണ് കേന്ദ്രം രേഖാമൂലം മറുപടി നല്‍കിയത്.

കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അതിര്‍ത്തി ലംഘനങ്ങള്‍ ഉണ്ടായിട്ടില്ല. അതേസമയം കഴിഞ്ഞ ഫെബ്രുവരി മുതല്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് 47 തവണ നുഴഞ്ഞുകയറ്റശ്രമങ്ങള്‍ ഉണ്ടായതായും നിത്യാനന്ദ റായ് വിശദീകരിച്ചു.

Top