അടുത്ത രണ്ട് മാസത്തിനുള്ളില്‍ കൂടുതല്‍ കൊവിഡ് ബാധിതരുണ്ടാകാന്‍ സാധ്യതയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗബാധ അടുത്ത രണ്ട് മാസത്തിനുള്ളില്‍ കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതേതുടര്‍ന്ന് ഉയര്‍ന്ന ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും രാജ്യത്തെ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കി.

ആശുപത്രികളില്‍ വെന്റിലേറ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കാനും പരമാവധി രോഗികള്‍ക്ക് കിടക്കാനുള്ള കിടക്കകള്‍ കണ്ടെത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാജ്യത്ത് 6654 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. ഇതോടെ രോഗബാധിതരുടെ എണ്ണം 1.25 ലക്ഷം പിന്നിട്ടു.

ലോകത്താകമാനം സ്ഥിതി മോശമായി തുടരുകയാണ്. കൊവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുന്നു. 3.43 ലക്ഷം പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ട്. അമേരിക്കയില്‍ മാത്രം 98000 പേര്‍ മരിച്ചു. ന്യൂയോര്‍ക്കിലെ മരണനിരക്ക് താഴ്ന്നത് അമേരിക്കയ്ക്ക് ആശ്വാസമായി. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 16.6 ലക്ഷം പിന്നിട്ടിരിക്കുകയാണ്.

റഷ്യയിലും ബ്രസീലിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷം പിന്നിട്ടു. സ്‌പെയിനിലെ വിവിധ നഗരങ്ങളില്‍ നടന്ന ലോക്ക്ഡൗണ്‍ വിരുദ്ധ സമരത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തത് സര്‍ക്കാരിന് പുതിയ തലവേദനയായി. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 137 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3720 ആയി.

Top