സാമൂഹികമാധ്യമ കമ്പനികൾ നിയമം പാലിക്കണമെന്ന് ആവർത്തിച്ച് കേന്ദ്രം

ഡൽഹി: ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചതിൽ സാമൂഹികമാധ്യമ കമ്പനികൾ ഇന്ത്യയിലെ നിയമം പാലിക്കണമെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആഗോളതലത്തിൽ സാമൂഹിക മാധ്യമങ്ങളുടെ ഉത്തരവാദിത്വം ചർച്ചചെയ്യപെടുന്നുണ്ടെന്ന് കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഫോണിലെ ഇന്റർനെറ്റും സാമൂഹികമാധ്യമങ്ങളും ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, അവയുടെ ഉത്തരവാദിത്വങ്ങളെ ഒഴിവാക്കാൻ പറ്റില്ല. ഏതുമേഖലയിലെ ഏതു കമ്പനിയും, ഇന്ത്യയിലെ നിയമങ്ങൾ പാലിക്കണം. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ അനുസരിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ എല്ലാ വിദേശ ഇന്റർമീഡിയറികൾക്കും കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നും എന്നാൽ, അതുപോലെ ഇവിടത്തെ നിയമങ്ങൾ പാലിക്കാൻ അവർക്ക് ബാധ്യതയുണ്ടെന്നും ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖറും പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഉള്ളടക്കം നീക്കംചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഐ.ടി. മന്ത്രാലയം ട്വിറ്ററിന് അന്ത്യശാസനം നൽകിയിരുന്നു. പിന്നാലെ ഉള്ളടക്കം നീക്കംചെയ്ത ട്വിറ്റർ കേന്ദ്ര ഇടപെടലിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ഉത്തരവുകൾ ഏകപക്ഷീയമാണെന്നാണ് ട്വിറ്റർ ആരോപിക്കുന്നത്.

Top