ജഡ്ജിമാരുടെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം തീരുമാനമെടുക്കാന്‍ വൈകുന്നു

ന്യൂഡല്‍ഹി: കൊളീജിയം ശുപാര്‍ശ ചെയ്യുന്ന പേരുകളില്‍ നിന്നു ചിലരെ മാത്രം കേന്ദ്രം ജഡ്ജിമാരായി നിയമിക്കുന്നതു പ്രശ്‌നമാണെന്നു സുപ്രീം കോടതി. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം തീരുമാനമെടുക്കാന്‍ വൈകുന്നതില്‍ ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, സുധാന്‍ഷു ദുലിയ എന്നിവരുടെ ബെഞ്ച് ആശങ്ക അറിയിച്ചു. ‘സര്‍ക്കാരിന് അപ്രിയമായ ചില തീരുമാനങ്ങള്‍ ഈ കോടതിയോ കൊളീജിയമോ എടുക്കേണ്ട സാഹചര്യം വരില്ലെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’- ബെഞ്ച് പരാമര്‍ശിച്ചു.

ജഡ്ജിമാരുടെ നിയമനം, ഇതുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. സ്ഥലംമാറ്റം എന്നിവയ്ക്കു കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകളില്‍ അനുമതി നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാലതാമസം വരുത്തിയെന്നതുമായി ബന്ധപ്പെട്ടവയാണ് ഹര്‍ജികള്‍. ‘ചില നിയമനങ്ങള്‍ നടത്തുകയും ചിലതു നടത്താതിരിക്കുകയും ചെയ്താല്‍ സീനിയോറിറ്റി ഉള്‍പ്പെടെ പലതും തടസ്സപ്പെടുമെന്നു പല അവസരത്തിലും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അറ്റോര്‍ണി ജനറലിനോട് ആവര്‍ത്തിക്കുന്നു. ചില നിയമനം വേഗത്തിലായതിനെ ജസ്റ്റിസ് കൗള്‍ അഭിനന്ദിച്ചു.

എന്നാല്‍, ചിലരെ മാത്രം തിരഞ്ഞെടുത്തു നിയമിക്കുന്നതു വലിയ പ്രശ്‌നമാണെന്നും അങ്ങനെ ചെയ്യരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ജഡ്ജി ഏതു ഹൈക്കോടതിയിലാണു യോജിക്കുന്നതെന്ന എന്ന വിഷയം ജുഡീഷ്യല്‍ സംവിധാനത്തിനു വിട്ടുനല്‍കണമെന്നും കോടതി പറഞ്ഞു. വിഷയം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നു അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ടരമണി പറഞ്ഞു. കഴിഞ്ഞ മാസം ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍, 21 പേരുകള്‍ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കായി കൊളീജിയം നല്‍കിയിട്ടും കേന്ദ്രം തീരുമാനമെടുക്കുന്നില്ലെന്നു സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഹര്‍ജി 20 നു വീണ്ടും പരിഗണിക്കും.

Top