ന്യൂനപക്ഷകാര്യ വകുപ്പ് എടുത്തുകളയാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ന്യൂനപക്ഷകാര്യ വകുപ്പ് എടുത്തുകളയാനൊരുങ്ങി കേന്ദ്ര സർക്കാർ. 2006ൽ യു.പി.എ സർക്കാർ രൂപീകരിച്ച ന്യൂനപക്ഷകാര്യ വകുപ്പ് 16 വർഷങ്ങൾക്ക് ശേഷം ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ന്യൂനപക്ഷകാര്യ വകുപ്പിനെ സാമൂഹിക നീതി- ശാക്തീകരണ മന്ത്രാലയവുമായി ലയിപ്പിക്കാനാണ് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വകുപ്പ് നടപ്പാക്കിയിട്ടുള്ള എല്ലാ പദ്ധതികളും ലയനത്തിനു ശേഷവും തുടരുമെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രാലയം ഉദ്യോ​ഗസ്ഥർ തയാറായില്ല. മോദി സർക്കാരിലെ ഏക മുസ്‌ലിം മുഖമായിരുന്ന മുക്താർ അബ്ബാസ് നഖ്‌വി മൂന്ന് മാസം മുമ്പ് മന്ത്രിപദം ഒഴിഞ്ഞിട്ടും ആ സ്ഥാനത്ത് സ്വതന്ത്ര ചുമതലയുള്ള മറ്റൊരു വ്യക്തിയെ നിയമിക്കാതിരുന്ന രണ്ടാം മോദി സർക്കാരാണ് ഇപ്പോൾ ഇത്തരമൊരു നീക്കം നടത്തുന്നത്.

‘ന്യൂനപക്ഷകാര്യങ്ങൾക്ക് ഒരു സ്വതന്ത്ര മന്ത്രാലയം ആവശ്യമില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന്റെ നിലപാട്. യു.പി.എയുടെ ന്യൂനപക്ഷ പ്രീണന നയത്തിന്റെ ഭാഗമായാണ് അത്തരമൊരു മന്ത്രാലയം രൂപീകരിച്ചതെന്ന് സർക്കാർ വിശ്വസിക്കുന്നു. ഇപ്പോൾ, അതിനെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിൽ തിരികെ കൊണ്ടുവരാനാണ് മോദി സർക്കാർ ആഗ്രഹിക്കുന്നത്”- സർക്കാർ വൃത്തങ്ങളിലൊരാൾ പറഞ്ഞു.

അതേസമയം, സമൂഹത്തെ ധ്രുവീകരിക്കാനുള്ള ബി.ജെ.പിയുടെ മറ്റൊരു ശ്രമമാണ് ഇതെന്ന് കോൺഗ്രസ് രാജ്യസഭാംഗം സയ്യിദ് നസീർ ഹുസൈൻ പ്രതികരിച്ചു. “ന്യൂനപക്ഷങ്ങളെ അവരുടെ ഉന്നമനത്തിനായി കേന്ദ്രീകൃത പരിപാടികളോടെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു 2006ൽ പ്രത്യേക മന്ത്രാലയം രൂപീകരിച്ചതിന്റെ ലക്ഷ്യം. എന്നാൽ, ബി.ജെ.പി സർക്കാർ ന്യൂനപക്ഷങ്ങൾക്കെതിരായ എല്ലാ അവസരങ്ങളും രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണ്”- അദ്ദേഹം പറഞ്ഞു.

Top