കേന്ദ്രം ഫിഫ അധികൃതരുമായി രണ്ടുതവണ ചര്‍ച്ചനടത്തി

ഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫ ഏര്‍പ്പെടുത്തിയ സസ്പെന്‍ഷന്‍ നീക്കാന്‍ ചര്‍ച്ച ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഫിഫ അധികൃതരുമായി ചര്‍ച്ചനടത്തിയെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. സസ്പെന്‍ഷന്‍ നീക്കാനും അണ്ടര്‍-17 വനിത ലോകകപ്പിന് രാജ്യം ആതിഥ്യം വഹിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. വനിത എ.എഫ്.സി. കപ്പില്‍ പങ്കെടുക്കാന്‍ ഉസ്ബെക്കിസ്താനിലേക്ക് തിരിച്ച ഗോകുലം ടീം അംഗങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

പ്രശ്‌ന പരിഹാരത്തിന് സജീവ ചര്‍ച്ച നടക്കുന്നുവെന്നാണ് കേന്ദ്ര കായിക മന്ത്രാലയത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഇതിനോടകം ഫിഫ അധികൃതരുമായി രണ്ട് ചര്‍ച്ചകള്‍ നടന്നു. ചില കാര്യങ്ങളില്‍ പരിഹാരം ഉണ്ടായതായും സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതി രൂപീകരിച്ച താത്കാലിക ഭരണസമിതി സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

പ്രഫുല്‍ പട്ടേലും ചില അസോസിയേഷന്‍ ഭാരവാഹികളുമാണ് സസ്‌പെന്‍ഷന് പിന്നിലെന്ന് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്രത്തിന് വേണ്ടിയാണ് താന്‍ ഹാജരാക്കുന്നതെന്നും, മറ്റുള്ളവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ തനിക്ക് കഴിയില്ലെന്നും സോളിസിസ്റ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ആരെങ്കിലും രാജ്യതാത്പര്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

അടുത്തയാഴ്ച നടക്കുന്ന വനിത എ.എഫ്.സി. കപ്പില്‍ പങ്കെടുക്കാന്‍ ഉസ്ബെക്കിസ്താനിലേക്ക് തിരിച്ച ഗോകുലം ടീമിനും ഫിഫ തീരുമാനം കനത്ത തിരിച്ചടിയാണെന്ന് അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണന്‍ കോടതിയെ അറിയിച്ചു, തുടര്‍ന്ന് ടീം അംഗങ്ങള്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Top