ഓക്‌സിജന്‍ കിട്ടാതെ എത്ര പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിനിടെ ഓക്‌സിജന്‍ കിട്ടാതെ എത്ര പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അവസാനിക്കും മുന്‍പ് വിവരം പാര്‍ലമെന്റില്‍ ധരിപ്പിക്കാനാണ് കേന്ദ്ര നീക്കം. ആഗസ്ത് 13നാണ് വര്‍ഷകാല സമ്മേളനം അവസാനിക്കുക.

ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിച്ച നിരവധി സംഭവങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലുണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത് ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചതായി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ്.

സംസ്ഥാനങ്ങള്‍ ഇതുസംബന്ധിച്ച ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ പറഞ്ഞു. ആരോഗ്യമെന്നത് സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമാണെന്നും സംസ്ഥാനങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് സംയോജിപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും കേന്ദ്ര സഹമന്ത്രി ഭാരതി പ്രവീണ്‍ രാജ്യസഭയെ അറിയിച്ചു.

Top