ഐ.ടി ചട്ടം അനുസരിച്ചില്ല, ട്വിറ്ററിന്റെ നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ ഐ.ടി ചട്ടങ്ങള്‍ അനുസരിക്കാത്ത ട്വിറ്ററിന്റെ കുറ്റത്തിന് ഉള്ളടക്കത്തിന്റെ പേരിലുള്ള നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്ര നടപടി. പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉള്ളടക്കത്തിന്റെ പേരില്‍ പ്ലാറ്റ്‌ഫോമും പ്രതിയാകുന്നതൊഴിവാക്കുന്ന ‘സേഫ് ഹാര്‍ബര്‍’ പരിരക്ഷ (ഇമ്യൂണിറ്റി)യാണ് പിന്‍വലിച്ചത്.

ഇക്കഴിഞ്ഞ മേയ് 25 ന് നിലവില്‍ വന്ന നിയമം പാലിക്കാന്‍ ജൂണ്‍ അഞ്ചിനു നല്‍കിയ അന്ത്യശാസനത്തിനു ശേഷവും വീഴ്ചവരുത്തിയതിനാലാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. സമൂഹ മാധ്യമത്തില്‍ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരിലുള്ള സംരക്ഷണം ഇനി ട്വിറ്ററിന് ഉണ്ടാവില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ഇതോടെ നഷ്ടപ്പെട്ടതോടെ ട്വീറ്റുകളുടെയും ട്വിറ്ററില്‍ പങ്കുവയ്ക്കുന്ന വിവരങ്ങളുടെയും പേരില്‍ ഇനി കമ്പനിക്കെതിരെയും കേസ് ചുമത്താം.

പരിരക്ഷ നഷ്ടപ്പെട്ടതിനു പിന്നാലെ ഉത്തര്‍പ്രദേശിലെ ഗസ്സിയാബാദില്‍ ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശിലെ ലോനിയില്‍ മുസ്ലിം വൃദ്ധനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതിന്റെ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍, സാമുദായിക കലഹം സൃഷ്ടിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ട്വിറ്ററിനെതിരെയാണ് ഗാസിയാബാദ് പൊലീസ് കേസെടുത്തത്. രാജ്യത്ത് ഈ സംരക്ഷണം നഷ്ടപ്പെടുന്ന ആദ്യ സമൂഹമാധ്യമ സ്ഥാപനമാണു ട്വിറ്റര്‍.

Top