ദേശീയപാതയില്‍ ഉയരപ്പാതക്ക് കേന്ദ്രം ഫണ്ട് അനുവദിച്ചില്ല; പയ്യോളിയില്‍ പ്രതിഷേധം ശക്തം

പയ്യോളി: ദേശീയപാതയില്‍ ഉയരപ്പാതക്ക് ഫണ്ട് അനുവദിക്കുമെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ വാഗ്ദാനം നടപ്പാക്കാത്തതില്‍ പയ്യോളിയില്‍ പ്രതിഷേധം ശക്തമാവുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവിലെ അലൈന്‍മെന്റ് പ്രകാരം ബീച്ച് റോഡും പേരാമ്പ്ര റോഡും സംഗമിക്കുന്ന ജങ്ഷനില്‍ എഴുപത് മീറ്ററില്‍ മേല്പാലവും ബാക്കി ടൗണിന്റെ രണ്ടറ്റവും മണ്ണിട്ട് ഉയര്‍ത്തി അപ്രോച്ച് റോഡുമാണ് നിര്‍മിക്കാനുദ്ദേശിച്ചത്. എന്നാല്‍, ഇതുപ്രകാരം നിര്‍ദിഷ്ട ആറുവരിപ്പാത ടൗണിനെ രണ്ടായി വിഭജിക്കുമെന്ന ആശങ്ക നിലനില്‍ക്കവെയാണ് എം.പിയും, ഒളിമ്പ്യനുമായ പി.ടി.ഉഷയുടെ ഇടപെടലിലൂടെ ടൗണില്‍ മുഴുവനായും തൂണുകളിലൂടെ ഉയരപ്പാതക്കായുള്ള ശ്രമം നടന്നത്.

2022 സെപ്റ്റംബറില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ പി.ടി.ഉഷ എം.പി ഡല്‍ഹിയില്‍ നേരില്‍കണ്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉഷയുടെ നാട് രണ്ടായി മുറിയില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍, ഇക്കഴിഞ്ഞ ആഗസ്റ്റില്‍ അടിപ്പാതകള്‍ അനുവദിച്ച വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന അറിയിപ്പുകളില്‍ പയ്യോളിയില്‍ ഉയരപ്പാതക്ക് ഫണ്ട് അനുവദിക്കാന്‍ കഴിയില്ലെന്ന അറിയിപ്പ് വന്നു. ഇത് നാട്ടുകാരെ നിരാശയിലാഴ്ത്തുകയായിരുന്നു. നിലവില്‍ മൂന്ന് സ്പാനുകള്‍ക്കായി ഗര്‍ഡറുകള്‍ രൂപപ്പെടുത്തിയതിനാല്‍ കരാറുകാര്‍ക്ക് അലൈന്‍മെന്റ് മാറ്റം വരുത്താന്‍ കഴിയില്ലെന്നായിരുന്നു എം.പിക്ക് നല്‍കിയ കത്തില്‍ ബന്ധപ്പെട്ട വകുപ്പ് നല്‍കിയ വിശദീകരണം. മാത്രവുമല്ല ജങ്ഷനില്‍മാത്രം സ്ഥാപിക്കാനുദ്ദേശിക്കുന്ന മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഇപ്പോള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ദേശീയപാതയില്‍ തകര്‍ന്ന സ്ലാബ് യാത്രക്കാര്‍ക്ക് ഭീഷണിയാവുന്ന വിഷയം ചര്‍ച്ചചെയ്യാനായി കഴിഞ്ഞ ദിവസം പയ്യോളി നഗരസഭ ഹാളില്‍ ചെയര്‍മാന്‍ വി.കെ. അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നു. ടൗണില്‍ മുഴുവനായും തൂണുകളില്‍തന്നെ മേല്‍പ്പാലം നിര്‍മിക്കാന്‍ ഏതറ്റംവരെ പോകാനും ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. അതിനിടയില്‍ ഉയരപ്പാത വിഷയത്തില്‍ പി.ടി. ഉഷ എം.പിയെ വിമര്‍ശിച്ച് ടൗണില്‍ കോണ്‍ഗ്രസ് ബോര്‍ഡ് സ്ഥാപിച്ചതിനെചൊല്ലി സര്‍വകക്ഷി യോഗത്തില്‍നിന്ന് ബി.ജെ.പി അംഗങ്ങള്‍ ഇറങ്ങിപ്പോയി.

Top