മെര്‍സലിന്റെ തെലുങ്ക് പതിപ്പില്‍ കത്രിക വയ്ക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: വിജയ് ചിത്രം മെര്‍സലിന്റെ തെലുങ്ക് പതിപ്പിലെ വിവാദരംഗങ്ങള്‍ വെട്ടിമാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി.

ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്നതാണ്. എന്നാല്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ഇതേവരെ അനുമതി നല്‍കാതിരുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രസൂണ്‍ ജോഷിയുടെ പ്രതികരണം.

”സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്രമങ്ങളെ ബഹുമാനിക്കണം. സെന്‍സര്‍ബോര്‍ഡില്‍ ജോലിയെടുക്കുന്നവരും മനുഷ്യരാണ്. ഒരു മെഷീനില്‍ കാര്‍ഡിട്ടാല്‍ മറുവശത്ത് സര്‍ട്ടിഫിക്കറ്റ് വരില്ല”, പ്രസൂണ്‍ ജോഷി ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. തമിഴ് പതിപ്പിനോടു സമാനമായ രീതിയിലാവും തെലുങ്ക് പതിപ്പും പുറത്തിറങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്ധ്രപ്രദേശിലും തെലുങ്കാനയിലുമായി 700-ല്‍ അധികം സ്‌ക്രീനുകളിലാണ് ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനാല്‍ അദിരിന്ദി എന്ന പേരില്‍ വെള്ളിയാഴ്ച പുറത്തിറങ്ങാനിരുന്ന മെര്‍സലിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

മൃഗക്ഷേമ ബോര്‍ഡിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് തമിഴ് ട്രെയിലറില്‍ മൃഗങ്ങളെ ഉപയോഗിക്കുന്ന ഭാഗങ്ങളുള്‍പ്പടെ വെട്ടിമാറ്റിയാണ് മെര്‍സലിന്റെ തെലുങ്ക് ട്രെയിലര്‍ പുറത്തിറങ്ങിയത്.

എന്നാല്‍ വിവാദങ്ങള്‍ക്കിടെ വിജയ് ചിത്രം മെര്‍സല്‍ 200 കോടി ക്ലബിലേക്ക് കുതിക്കുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രം ഇതുവരെ 170 കോടി രൂപ നേടിയിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്നു മാത്രം 90 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ട്.

ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും പരിഹസിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബിജെപി രംഗത്തെത്തിയതോടെയാണ് വിജയ് ചിത്രം മെര്‍സല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

Top