സിപിഎം ആഘോഷം തടസ്സമാവില്ല, ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഭംഗിയായി നടത്താം ; മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഭംഗിയായി നടത്തുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തടസ്സമൊന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ചില സ്ഥലങ്ങളില്‍ മറ്റുചില സംഘടനകളും പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും, അത്തരം സ്ഥലങ്ങളില്‍ പോലീസുമായി ബന്ധപ്പെട്ട വേണ്ട ക്രമീകരണം നടത്താമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

ശോഭായാത്ര പ്രശ്‌നമൊന്നും കൂടാതെ നടക്കാന്‍ കരുതലെടുക്കാനും പൊലീസിന് നിര്‍ദേശം നല്‍കും. മാത്രമല്ല, ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും തന്നെ വന്നു കണ്ട ഹിന്ദു സംഘടനാ നേതാക്കളോട് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.

ശ്രീകൃഷ്ണജയന്തി ദിനമായ സെപ്റ്റബര്‍ 12-ന് സിപിഎം മറ്റൊരാഘോഷം സംഘടിപ്പിക്കുന്നതിന്റെ പേരില്‍ ചില പ്രദേശങ്ങളില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നടത്താനുള്ള അനുമതി നല്‍കുന്നതില്‍ പോലീസ് വിമുഖത കാട്ടുന്നുണ്ടെന്നും, ഇത് ശ്രീകൃഷ്ണജയന്തി ശോഭായാത്രയുടെ നടത്തിപ്പുതന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും, അതിനാല്‍ സംസ്ഥാനത്തുനടക്കുന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ സമാധാനപരമായി നടത്താന്‍ ആഭ്യന്തര വകുപ്പിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും പരിപൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്നുമാണ് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടത്.

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു, വൈസ് പ്രസിഡന്റ് പി. ജ്യോതീന്ദ്രകുമാര്‍, സെക്രട്ടറി കെ. പ്രഭാകരന്‍, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ കുഞ്ഞ്, ഡി.നാരായണ ശര്‍മ്മ, സന്ദീപ് തമ്പാനൂര്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

Top