ആഘോഷം അതിര് കടന്നു; ‘തിരുച്ചിദ്രമ്പലം’ ഷോയ്ക്കിടെ സ്ക്രീൻ വലിച്ചുകീറി ആരാധകർ

ഴിഞ്ഞ ദിവസം റിലീസ് ചെയ്ത ധനുഷ് ചിത്രം ‘തിരുച്ചിദ്രമ്പലം’ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഒരുവർഷത്തിന് ശേഷം എത്തിയ ധനുഷ് ചിത്രം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ആരാധകരുടെ ആഘോഷം അതിരുകടന്നുവെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. സ്ക്രീനിൽ ധനുഷിനെ കണ്ടപ്പോഴുള്ള ആരാധകരുടെ ആവേശം വലിയ നാശ നഷ്ടമാണ് ഉണ്ടാക്കിയത്.

ചെന്നൈയിലെ രോഹിണി തിയേറ്ററിലാണ് സംഭവം. ധനുഷിന്റെ ആദ്യ സീനില്‍ ഉണ്ടായ ആര്‍പ്പു വിളികള്‍ക്കും ഡാന്‍സിനും ഇടയില്‍ ആരാധകര്‍ സ്‌ക്രീനുകള്‍ വലിച്ചുകീറുക ആയിരുന്നു. ഇത് കനത്ത സാമ്പത്തിക നഷ്ടമാണ് തീയറ്റര്‍ ഉടമയ്ക്ക് ഉണ്ടാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

നിത്യ മേനൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ‘തിരുച്ചിദ്രമ്പല’ത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. പ്രകാശ് രാജും ചിത്രത്തിലുണ്ട്. കലാനിധി മാരൻ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് ആണ് വിതരണം ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. ‘യാരടി മോഹനി’ എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിച്ച ചിത്രം കൂടിയാണിത്.

Top