വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; പലസ്തീന്‍ ജനങ്ങള്‍ ആഘോഷത്തില്‍

ഗസ സിറ്റി: ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും പ്രാബല്യത്തില്‍ വരികയും ചെയ്തതോടെ കഴിഞ്ഞ 11 ദിവസമായി തുടരുന്ന സൈനിക നടപടികള്‍ക്ക് വിരാമം. ഇതോടെ പലസ്തീന്‍ തെരുവുകളില്‍ ജനം വിജയാഘോഷത്തിലാണ്. വെടിനിര്‍ത്തല്‍ ആഘോഷമായി ഗസയിലെയും ഫലസ്തീന്‍ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകളിലെത്തി കൊടികള്‍ പറത്തിയും വിജയ ചിഹ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും അവര്‍ ആശ്വാസവിജയം നേടിയ പ്രതീതിയിലാണ്.

വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കുള്ള യുഎസ് നയതന്ത്ര ശ്രമത്തെ ഈജിപ്ത് പ്രസിഡന്റ് അല്‍സിസി പ്രശംസിച്ചു. ഈജിപ്തിന്റെ വെടിനിര്‍ത്തല്‍ പദ്ധതിയുടെ വിജയത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പങ്ക് അഭിനന്ദനം അര്‍ഹിക്കുന്നതായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ട്വീറ്റ് ചെയ്തു. ഇസ്രയേല്‍ ബോംബാക്രമണത്തില്‍ 65 കുട്ടികളടക്കം 232 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ഹമാസിന്റെ തിരിച്ചടിയില്‍ ഇസ്രയേലില്‍ രണ്ട് കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം അവസാനിപ്പിച്ചതിന് ഇസ്രയേലിനെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുള്ള യുഎസ് സൈനിക പിന്തുണ തുടരുമെന്ന് ഉറപ്പ് നല്‍കിയതായും ജോ ബൈഡന്‍ പറഞ്ഞു.

Top