മത്തായിയുടെ മരണം ഇനി സിബിഐ അന്വേഷിക്കും; മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവെച്ചു

പത്തനംതിട്ട: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത പി.പി. മത്തായിയുടെ മരണം ഇനി സിബിഐ അന്വേഷിക്കും. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്.

മത്തായിയുടെ ഭാര്യയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ വരാനിരിക്കെയാണു സര്‍ക്കാര്‍ നടപടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് മത്തായിയുടെ ഭാര്യ ഷീബമോള്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കഴിഞ്ഞ മാസം 28നാണ് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ മത്തായിയെ വീട്ടില്‍നിന്നു കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നീട് മരണ വിവരമാണു ബന്ധുക്കള്‍ അറിയുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘമാണു നിലവില്‍ കേസന്വേഷിക്കുന്നത്. കേസില്‍ ഇതുവരെ ആരെയെങ്കിലും പ്രതിചേര്‍ക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വനപാലകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വിട്ടുനല്‍കിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്‌കാരം നടത്തില്ലെന്ന നിലപാടിലാണു ബന്ധുക്കള്‍.

Top