താനൂര്‍ കസ്റ്റഡിക്കൊല: സിബിഐ വീണ്ടും മലപ്പുറത്ത്

മലപ്പുറം: താനൂരിലെ താമിര്‍ ജിഫ്രിയുടെ കൊലപാതകത്തില്‍ സിബിഐ സംഘം വീണ്ടും മലപ്പുറത്ത്. താമിര്‍ ജിഫ്രിയുടെ മാതാവിന്റെ മൊഴിയെടുത്തു. വീട്ടിലെത്തിയാണ് മൊഴി എടുത്തത്. കേസിലെ പ്രതികളെ പിടികൂടാത്തതില്‍ കുടുംബം സിബിഐയെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

കേസില്‍ കാലതാമസം വരുന്നുവെന്നും കുടുംബം പ്രതികരിച്ചു. കേസന്വേഷണത്തില്‍ ഉചിതമായ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് സിബിഐ സംഘം കുടുംബത്തിന് ഉറപ്പ് നല്‍കി. ഫൊറന്‍സിക് സര്‍ജന്റെ ഉള്‍പ്പടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തു. മഞ്ചേരിയില്‍ എത്തിയാകും ഫൊറന്‍സിക് സര്‍ജന്റെ മൊഴിയെടുക്കുക.

കേസ് ഏറ്റെടുത്തതിന് പിന്നാലെ തന്നെ സിബിഐ സംഘം താനൂരില്‍ തെളിവ് ശേഖരണം നടത്തിയിരുന്നു. താമിര്‍ ജിഫ്രി താമസിച്ചിരുന്ന ചേളാരി ആലുങ്ങലിലെ വാടകമുറിയിലും സിബിഐ പരിശോധന നടത്തിയിരുന്നു. കേസിലെ സാക്ഷികളായ ചേളാരി സ്വദേശി മന്‍സൂര്‍, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിബിഐയുടെ പരിശോധന. കെട്ടിട ഉടമ സൈനുദ്ദീനില്‍ നിന്നും സിബിഐ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി സിബിഐ മടങ്ങുകയായിരുന്നു.

താനൂര്‍ പൊലീസ് ക്വര്‍ട്ടേഴ്സിലും താനൂര്‍ പൊലീസ് സ്റ്റേഷനിലും ചേളാരിയിലെ കെട്ടിടത്തിലും ദേവധാര്‍ പാലത്തിലും ഉള്‍പ്പടെ കേന്ദ്ര ഫൊറന്‍സിക് സംഘം നേരത്തെ പരിശോധന നടത്തിയിരുന്നു. സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്.

Top