ഒമാനില്‍ മെര്‍സ് കൊറോണ വൈറസ് രോഗത്തിന് കാരണം ഒട്ടകങ്ങളുമായുള്ള സമ്പര്‍ക്കം

ഒമാന്‍: ഒട്ടകങ്ങളുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് ഒമാനില്‍ മെര്‍സ് കൊറോണ വൈറസ് രോഗം പിടികൂടിയതെന്ന് പഠന റിപ്പോര്‍ട്ട്.അറേബ്യന്‍ ഒട്ടകങ്ങളുടെ പ്രജനനവും, വിവിധ ഗവര്‍ണറേറ്റുകളില്‍ ഒട്ടകയോട്ട മത്സരങ്ങളും നടക്കുന്ന ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് ഒട്ടകങ്ങളില്‍ മെര്‍സ് കൊറോണ വൈറസ് പടരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

2013 ജൂണിലാണ് ഒമാനില്‍ ആദ്യ മെര്‍സ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ 11 പേര്‍ക്കാണ് രോഗം പിടിപെട്ടത്. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ് രോഗബാധിതരില്‍ കൂടുതല്‍ പേരും. വീട്ടില്‍ വളര്‍ത്തുന്ന ഒട്ടകങ്ങളില്‍ നിന്നാണ് ഇതില്‍ എട്ട് പേര്‍ക്കും രോഗബാധയേറ്റത്.

ഈ വര്‍ഷം ജനുവരി 27 മുതല്‍ ഫെബ്രുവരി 12 വരെ കാലയളവില്‍ 13 പേര്‍ക്ക് കൂടി മെര്‍സ് രോഗബാധയുണ്ടായി. ഇതില്‍ എട്ടുപേര്‍ വടക്കന്‍ ബാത്തിനയില്‍ നിന്നുള്ളവരും നാലുപേര്‍ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരുമായിരുന്നു. രണ്ട് ഗവര്‍ണറേറ്റുകളിലെയും രോഗബാധിതര്‍ക്കും ഒട്ടകങ്ങളുമായി സമ്പര്‍ക്കമുണ്ടായിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ആരോഗ്യ മന്ത്രാലയത്തിലെ ഡോ. സലാഹ്.ടി. അല്‍ അവൈദിയും റോയല്‍ ആശുപത്രിയിലെ പകര്‍ച്ചവ്യാധി വിഭാഗത്തിലെ ഡോ.ഫര്യാല്‍ ഖാമിസും നടത്തിയ പഠനം സംബന്ധിച്ച റിപ്പോര്‍ട്ട് ഒമാന്‍ മെഡിക്കല്‍ ജേര്‍ണലില്‍ ആണ് പ്രസിദ്ധീകരിച്ചത്.

Top