മന്ത്രിക്കെതിരെയുണ്ടായ ജാതിവിവേചനം സാക്ഷര കേരളത്തിന് അപമാനകരം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജാതി വിവേജനമുണ്ടായെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. സംഭവം സാക്ഷര കേരളത്തിന് അപമാനകരം. നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് മാതൃകയായ കേരളത്തില്‍ ഉണ്ടായ സംഭവം കേരളത്തിനു അവമതിപ്പ് ഉണ്ടാക്കും എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

മന്ത്രിയോട് കാട്ടിയത് മാപ്പ് അര്‍ഹിക്കാത്ത കുറ്റം. കഴിഞ്ഞ കുറച്ച് കാലമായി കേരളത്തില്‍ നടക്കുന്ന പല സംഭവങ്ങളും കേരളത്തില്‍ കേട്ട് കേള്‍ വിയില്ലാത്തവയാണ്. ഉത്തരേന്ത്യയില്‍ മാത്രം കേട്ട് കേട്ടുകേള്‍വിയുള്ള ഇത്തരം സംഭവങ്ങള്‍ മുളയിലെ നുള്ളിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ജാതിവിവേചന വിവാദത്തില്‍ യോഗക്ഷേമസഭയ്ക്കും തന്ത്രി സമാജത്തിനും മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ രംഗത്തെത്തി. താന്‍ ആദ്യമായല്ല അമ്പലത്തില്‍ പോകുന്നത്. ക്ഷേത്രത്തിനകത്തല്ല, പുറത്തായിരുന്നു പരിപാടി. ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പര്‍ശിക്കില്ലെങ്കില്‍ പിന്നെ എന്തിനാണ് പൂജാരി പുറത്തിറങ്ങിയതെന്നും മന്ത്രി ചോദിച്ചു.

മാസങ്ങള്‍ക്കുശേഷം അഭിപ്രായം പറഞ്ഞതില്‍ ഒരു ദുഷ്ടലാക്കുമില്ല. പ്രസംഗം നടത്തിയ ദിവസം രാവിലെ 2 വാര്‍ത്തകള്‍ വായിച്ചു. ദളിത് വേട്ടയുടെ വാര്‍ത്തയായിരുന്നു അത്. അതിനു ശേഷം നടന്ന പരിപാടിയില്‍ അനുഭവം പറഞ്ഞു എന്നേയുള്ളൂ. കണ്ണൂരിലെ വേദിയില്‍ തന്നെ താന്‍ പ്രതികരിച്ചിരുന്നു. അന്ന് അത് ചര്‍ച്ച ആയില്ല. ചില സമയങ്ങളാണ് ചര്‍ച്ച ഉയര്‍ത്തി കൊണ്ടുവരുന്നത് എന്നും മന്ത്രി കെ രാധാകൃഷ്ണന്‍.

Top