ഭർത്താവിനെ കൊന്നെന്ന് മൊഴി നൽകിയ കേസ്; അഫ്‌സാന ജാമ്യത്തിൽ ഇറങ്ങി

പത്തനംതിട്ട: ഭർത്താവിനെ കൊന്നെന്ന് മൊഴി നൽകിയ അഫ്‌സാന ജാമ്യത്തിൽ ഇറങ്ങി. അട്ടകുളങ്ങര ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്. പ്രതികരിക്കാൻ ഇല്ലെന്നു അഫ്‌സാന പുറത്തിറങ്ങിയതിന് ശേഷം വ്യക്തമാക്കി. നൗഷാദിനെ കൊന്നെന്ന അഫ്സാനയുടെ മൊഴി കളവ് എന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന കുഴിച്ചുമൂടി എന്നായിരുന്നു അഫ്‌സാന പൊലീസിന് നൽകിയ മൊഴി.

മൃതദേഹത്തിനായി പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിച്ചിരുന്നു. ഇതിനിടെ നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽനിന്ന് കണ്ടെത്തുകയായിരുന്നു. അഫ്‌സാനയ്ക്ക് എതിരെ എടുത്ത കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. എന്നാൽ കബളിപ്പിച്ചു എന്ന കേസുമായി മുന്നോട്ടു പോകാനാണ് പൊലീസ് തീരുമാനം. നൗഷാദിനെ ജീവനോടെ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങളും പുറത്തുവന്നു. 2021 നവംബർ അഞ്ചിനാണ് നൗഷാദിനെ കാണാതായത്. കാണാതായ ദിവസം അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന് നൗഷാദിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ.

അവശ നിലയിലായ നൗഷാദിനെ ഉപേക്ഷിച്ച് ഇവർ പരുത്തിപ്പാറയിലെ വാടക വീട്ടിൽ നിന്ന് പോവുകയായിരുന്നു. മർദ്ദനമേറ്റ് മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്‌സാന മൊഴി നൽകിയതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ അവശനിലയിലായ നൗഷാദ് പിറ്റേ ദിവസം രാവിലെ സ്ഥലം വിടുകയായിരുന്നു. ഭാര്യയുടെ ആൾക്കാർ സ്ഥിരമായി മർദിച്ചിരുന്നുവെന്നും അതിനാൽ നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്നുമാണ് നൗഷാദ് നൽകിയ മൊഴി.

Top