മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിച്ച കേസ്; നാല് പേര്‍ക്കെതിരെ കുറ്റപത്രം തയ്യാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിച്ചുവെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുറ്റംപത്രം തയ്യാറാക്കി. പൊലീസ് നിയമോപദേശത്തിനായി കുറ്റപത്രം നല്‍കി. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ശബരിനാഥ് ഉള്‍പ്പെടെ നാല് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് എന്നിവരാണ് മറ്റ് പ്രതികള്‍. വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

അതേസമയം, വിമാനത്തിലെ പ്രതിഷേധത്തില്‍ ഇ.പി. ജയരാജനെതിരെയെടുത്ത കേസ് അവസാനിപ്പിക്കുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിലെടുത്ത കേസാണ് അവസാനിപ്പിക്കുന്നത്. പരാതി കളവെന്ന് കാണിച്ച് വലിയതുറ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വന്‍ വിവാദമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വധശ്രമം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെയും കേസെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെ എഫ് എം സി കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്.

 

Top