അരിക്കൊമ്പന്‍ കേസ്; മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ചിന് വിട്ടു

ചെന്നൈ: അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണം എന്നാവശ്യപ്പെടുന്ന കൊച്ചി സ്വദേശിനി റബേക്കയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ചിന് വിട്ടു. കേസ് അടിയന്തരമായി പരിഗണിക്കണം എന്ന ഹര്‍ജിക്കാരിയുടെ ആവശ്യം കോടതി തള്ളി.

അടിയന്തര പ്രാധാന്യമുള്ള ഹര്‍ജിയാണെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും തങ്ങള്‍ ഈ കേസ് കേള്‍ക്കുന്നതില്‍ വിദഗ്ധരല്ലെന്നാണ് ജസ്റ്റിസുമാരായ ആര്‍ സുബ്രഹ്മണ്യവും വിക്ടോറിയ ഗൗരിയും അറിയിച്ചത്. അതുകൊണ്ടാണ് ഫോറസ്റ്റ് ബെഞ്ച് കേസ് കേള്‍ക്കെട്ടെ എന്ന് പറഞ്ഞത്.

എന്നാല്‍ കേസിന് അടിയന്തര പ്രാധാന്യമുണ്ട് എന്ന് ഹര്‍ജിക്കാരി ആവര്‍ത്തിച്ചത് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കി. ആനയെ അവിടെയും ഇവിടെയും കൊണ്ടുപോയി വിടണമെന്ന് കോടതിക്ക് പറയാനാകില്ല. ഈ ഹര്‍ജി പൊതു താല്‍പ്പര്യത്തില്‍ അല്ലെന്നും ഹര്‍ജിക്കാരിയുടെ പ്രശസ്തിക്കുവേണ്ടിയാണെന്നും കോടതി പരിഹസിച്ചു. സാഹചര്യം മനസ്സിലാക്കാതെയുള്ള ആവശ്യമെന്നും കോടതിയുടെ ഹര്‍ജിയെ നിരീക്ഷിച്ചു.

Top