വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്; രേഖകൾ കൈമാറില്ലെന്ന് വാട്സ്അപ്പ്

വീട്ടമ്മയ്‌ക്കെതിരെ വാട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങൾ പ്രചരിപ്പിച്ച കേസിൽ വിവരങ്ങൾ കൈമാറാൻ അധികാരം ഇല്ലെന്ന് വാട്സാപ്പിന്റെ ഇന്ത്യൻ പ്രതിനിധി കൃഷ്ണമോഹന്‍ ചൗധരി. വാട്സാപ്പ് സെർവർ, ഫയൽ എന്നിവയുടെ നിയന്ത്രണം വാട്സാപ്പ് ഇന്ത്യയ്ക്ക് അല്ല. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വാട്സാപ്പ് ഇന്ത്യയ്ക്ക് മൊബൈൽ വിവരങ്ങൾ നൽകുന്നതിനുള്ള അധികാരമില്ല.

വിവരങ്ങൾ എങ്ങനെ ലഭിക്കാം എന്നതിനെ സംബന്ധിച്ച് അന്വേഷണ സംഘത്തിന് ഉപദേശം നൽകാൻ തയാറാണെന്നും വാട്സാപ്പിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. രേഖകൾ കൈമാറാൻ അധികാരമില്ല എന്നു പറയാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നിയമപരമായി രേഖകൾ കൈമാറിയേ തീരൂ. അല്ലാതെ ഇന്ത്യയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും എപിപി വി.പി.പ്രവീൺ കുമാർ മറുപടി നൽകി. ഹർജിയിൽ വിശദമായ വാദം ഈ മാസം 17ന് കോടതി കേൾക്കും.

കിളിമാനൂരിലെ വീട്ടമ്മയ്‌ക്കെതിരെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിന്റെ വിവരങ്ങൾ സൈബര്‍ പൊലീസിനു നല്‍കാത്തതിനെ തുടര്‍ന്ന് വാട്സാപ്പ് ഇന്ത്യൻ മേധാവിയോടു ഹാജരാകാൻ കോടതി നിര്‍ദേശിച്ചിരുന്നു. അഡിഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജാണ് ഉത്തരവിട്ടത്. വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ വാട്സാപ്പിലൂടെ ആരാണ് ആദ്യം പ്രചരിപ്പിച്ചത് എന്ന വിവരമാണ് സൈബര്‍ പൊലീസ് ആരാഞ്ഞിരുന്നത്. വ്യക്തിയുടെ സ്വകാര്യത ആയതിനാല്‍ വിവരം നല്‍കാന്‍ പറ്റില്ലെന്ന നിലപാടാണ് വാട്സാപ്പ് സ്വീകരിച്ചത്. ഐടി നിയമപ്രകാരം പൊലീസിന് അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതനുസരിച്ചാണ് വാട്സാപ്പിനോടു വിവരങ്ങൾ നല്‍കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Top