ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; ഡോക്ടേഴ്സിന്റെ മൊഴിയെടുത്ത് പൊലീസ്

കോഴിക്കോട്: ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ ഡോക്ടേഴ്സിന്റെ മൊഴിയെടുത്ത് പൊലീസ്. എസിപി സുദര്‍ശനാണ് മൊഴിയെടുത്തത്. പിന്നാലെ ഡിഎംഒ ഡോ.രാജാറാമിന്റെ വിശദമൊഴി രേഖപ്പെടുത്തി. പൊലീസ് റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. മെഡിക്കല്‍ ബോര്‍ഡിലെ നാല് ഡോക്ടേഴ്സിന്റെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. ഡോ ജമീല്‍ സജീര്‍, ഡോ മിനി കമല, ഡോ കെ.ബി സലീം, ഡോ എ. മൃദുലാല്‍ എന്നിവരുടെ മൊഴിയും എടുത്തു.

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വഴിത്തിരിവായത് എംആര്‍ഐ റിപ്പോര്‍ട്ടായിരുന്നു. കൊല്ലത്തെ ആശുപത്രിയില്‍ നടത്തിയ എംആര്‍ഐ പരിശോധനയാണ് കേസില്‍ വഴിത്തിരിവായത്. എംആര്‍ഐ പരിശോധനയില്‍ ഹര്‍ഷിനയുടെ ശരീരത്തില്‍ ലോഹങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. മെഡിക്കല്‍ കോളജിലെ പ്രസവ ശസ്ത്രക്രിയയ്ക്ക് മുമ്പായിരുന്നു ഇത്. 2017 നവംബര്‍ 30 ന് ആയിരുന്നു മെഡിക്കല്‍ കോളജിലെ പ്രസവ ശസ്ത്രക്രിയ. 2017 ഫെബ്രുവരിയില്‍ ആണ് കൊല്ലത്ത് വച്ച് ഹര്‍ഷിന എംആര്‍ഐ ടെസ്റ്റ് നടത്തിയത്.

പന്തീരാങ്കാവ് മലയില്‍ക്കുളങ്ങര അഷ്‌റഫിന്റെ ഭാര്യ ഹര്‍ഷിനക്ക് 2017 നവംബര്‍ 30നായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹര്‍ഷിനക്ക് ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മാസങ്ങള്‍ക്ക് ശേഷം നടത്തിയ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.

ആരോഗ്യവകുപ്പിന്റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം എങ്ങനെയാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അന്വേഷണ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്ക് ദുരിതാശ്വസന നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ അനുവദിച്ചിരുന്നു.

Top