ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; ഡോക്ടേഴ്സിനെതിരെ കേസെടുക്കാന്‍ പൊലീസ് നിയമോപദേശം തേടി

കോഴിക്കോട്: ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നിയമോപദേശം തേടി. ഡോക്ടേഴ്സിനേയും നഴ്സുമാരേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പൊലീസ് നിയമോപദേശം തേടിയത്. ഹര്‍ഷിനയുടെ ശസ്ത്രക്രിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരേയും ഒപ്പമുണ്ടായിരുന്ന നഴ്സുമാരേയും കേസില്‍ പ്രതി ചേര്‍ക്കാനാണ് പൊലീസ് നീക്കം നടത്തുന്നത്.

റേഡിയോളജിസ്റ്റിനെ അവസാന നിമിഷം മാറ്റിയതിലും അന്വേഷണമുണ്ടാകും. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡില്‍ റേഡിയോളജിസ്റ്റ് പങ്കെടുത്തിരുന്നു. ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിരുന്ന റേഡിയോളജിസ്റ്റല്ല പിന്നീട് പങ്കെടുത്തത്. യോഗത്തില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കും.

ഹര്‍ഷിന കേസില്‍ പൊലീസ് കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുടെ മൊഴിയെടുത്തിരുന്നു. പൊലീസ് റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. മെഡിക്കല്‍ ബോര്‍ഡിലെ നാല് ഡോക്ടേഴ്സിന്റെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. എസിപി സുദര്‍ശനാണ് മൊഴിയെടുത്തത്. പിന്നാലെ ഡിഎംഒ ഡോ.രാജാറാമിന്റെ വിശദമൊഴി രേഖപ്പെടുത്തി. ഡോ ജമീല്‍ സജീര്‍, ഡോ മിനി കമല, ഡോ കെ.ബി സലീം, ഡോ എ. മൃദുലാല്‍ എന്നിവരുടെ മൊഴിയും എടുത്തിരുന്നു.

Top