സി.എ.എക്ക് എതിരായ പോരാട്ടം നയിച്ചതിന് കേസ്, നേരിടാന്‍ സി.പി.എം

റ്റ സംസ്ഥാനത്തേ ഭരണത്തിലുള്ളൂയെങ്കിലും സി.പി.എം തന്നെയാണ് ഇപ്പോഴും സംഘപരിവാറിന്റെ കണ്ണിലെ പ്രധാന കരട്. അത് തെളിയിക്കുന്നതാണ് കേന്ദ്ര പൊലീസിന്റെ പുതിയ കുറ്റപത്രം. ഡല്‍ഹി കലാപത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറിയെയാണ് കൂടുതലായി പ്രതി ചേര്‍ത്തിരിക്കുന്നത്. ‘പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഏതറ്റവും വരെ പോകാന്‍’ സീതാറാം യെച്ചൂരി നിര്‍ദ്ദേശം നല്‍കിയതായാണ് ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍. പൗരത്വ ഭേദഗതി നിയമം മുസ്ലീംങ്ങള്‍ക്കെതിരെയാണെന്ന പ്രചരണം യെച്ചൂരി നടത്തിയതായും പൊലീസ് അനുബന്ധ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ ഇടപെടലാണ് പൊലീസ് നടപടിക്ക് പിന്നിലെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു. നിയമപരമായി കേസിനെ നേരിടുമെന്നാണ് യെച്ചൂരിയും വ്യക്തമാക്കിയിരിക്കുന്നത്. മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ഒഴിവാക്കി സി.പി.എം ജനറല്‍ സെക്രട്ടറിയെ പ്രതിയാക്കിയത് രാഷ്ട്രീയ കേന്ദ്രങ്ങളെയും അമ്പരപ്പിച്ചിട്ടുണ്ട്.

കമ്യൂണിസ്റ്റുകള്‍ക്കെതിരായ വേട്ടയാണ് കേന്ദ്ര സര്‍ക്കാറിപ്പോള്‍ തുടങ്ങിയിരിക്കുന്നതെന്നാണ് സി.പി.എമ്മും ആരോപിക്കുന്നത്. ആര്‍.എസ്.എസ് അടിസ്ഥാന ഗ്രന്ഥമായ വിചാരധാരയില്‍ പറയുന്ന കാര്യങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നാണ് വിമര്‍ശനം. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യെച്ചൂരിക്കെതിരായ കേസെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുസ്ലീംങ്ങളും ക്രിസ്ത്യാനികളും കഴിഞ്ഞാല്‍ ശത്രുവായി വിചാരധാര പ്രഖ്യാപിച്ചിരിക്കുന്നത് കമ്മ്യൂണിസ്റ്റുകളെയാണ്. ആര്‍.എസ്.എസിന്റെ സകല രചനകളിലും നീറിപ്പുകയുന്നതും കമ്യൂണിസ്റ്റ് പക തന്നെയാണ്. ഈ കേരളത്തില്‍ പോലും ഏറ്റവും കൂടുതല്‍ സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും സംഘപരിവാര്‍ പ്രവര്‍ത്തകരാലാണ്. പരിവാറിന്റെ കണക്കിലെ ബലിദാനികളുടെ എണ്ണവും കേരളത്തിലാണ് കൂടുതല്‍. ത്രിപുരയ്ക്ക് പിന്നാലെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകളെ തുരത്തുക എന്നതാണ് നിലവിലെ പരിവാര്‍ അജണ്ട. കമ്മൂണിസ്റ്റുകളെ പൂര്‍ണ്ണമായും തുടച്ചു നീക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള ചുവട് വെയ്പ്പാണ് സി.പി.എം ജനറല്‍ സെക്രട്ടറിക്കു നേരെ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് സി.പി.എം. കേരളം മുതല്‍ ഡല്‍ഹി വരെ സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ പോലും ചെമ്പട പ്രതിഷേധക്കൊടി ഉയര്‍ത്തുകയുണ്ടായി. സി.പി.എം വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ തുടക്കമിട്ട പ്രക്ഷോഭം പിന്നീട് ഡി.വൈ.എഫ്.ഐയും ഏറ്റെടുക്കുകയുണ്ടായി. ഡല്‍ഹിയില്‍ ഡി.വൈ.എഫ്.ഐ അദ്ധ്യക്ഷന്‍ മുഹമ്മദ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കളുടെ പൊടിപോലും ഇന്ദ്രപ്രസ്ഥത്തിലുണ്ടായിരുന്നില്ല. സി.പി.എമ്മിന് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലെ എസ്.എഫ്.ഐ പ്രതിഷേധം കേന്ദ്ര സര്‍ക്കാറിനെ ശരിക്കും ഞെട്ടിച്ചിരുന്നു. ഡല്‍ഹി ജെ.എന്‍.യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷ ഘോഷിന്റെ തല അടിച്ച് പൊട്ടിക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തുകയുണ്ടായി. എസ്.എഫ്.ഐ നേതാവായ ഈ യുവതിയെ ആക്രമിച്ചത് സംഘ പരിവാര്‍ പ്രവര്‍ത്തകരാണ്. ഡല്‍ഹി പൊലീസ് കേന്ദ്ര സര്‍ക്കാറിന് കീഴിലായത് ഇവിടെ അക്രമികള്‍ക്ക് സഹായകരവുമായി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെങ്കൊടി പകര്‍ന്ന തീ നാളമാണ് മറ്റു സംഘടനകള്‍ക്കും പിന്നീട് പ്രചോദനമായിരുന്നത്. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയയും രാഹുലുമെല്ലാം നിശബ്ദത പാലിച്ചപ്പോള്‍ ഭരണകൂടത്തോട് ഏറെ കലഹിച്ചത് യെച്ചൂരിയാണ്. അതു കൊണ്ടാണ് ഇപ്പോള്‍ കലാപ കേസില്‍ അദ്ദേഹത്തെ പ്രതിചേര്‍ത്തിരിക്കുന്നത്. സോണിയയും രാഹുലും ഉള്‍പ്പെടെ ഒറ്റ കോണ്‍ഗ്രസ്സ് നേതാവും ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടില്ല. ന്യൂനപക്ഷ സംരക്ഷണത്തിനായി ഡല്‍ഹിയിലെത്തിയ കേരളത്തിലെ 19 എം.പിമാരുടെ നിഴല്‍ പോലും കലാപ ബാധിതര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ചാനല്‍ ഷോയില്‍ നിറഞ്ഞാടാന്‍ തട്ടികൂട്ട് പരിപാടികളാണ് ഇവരെല്ലാം ചേര്‍ന്ന് നടത്തിയിരുന്നത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ സംഘപരിവാറിനെ സംബന്ധിച്ച് എതിരാളികളല്ല. ഒന്നു ഞൊടിച്ചാല്‍ കാവി അണിയാന്‍ ക്യൂ നില്‍ക്കുന്നവരാണിവര്‍. ജോതിരാദിത്യ സിന്ധ്യ തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. കേരളത്തിലെ യു.ഡി.എഫിലും കാവി പ്രേമമുള്ളവര്‍ തലപ്പത്ത് തന്നെയുണ്ട്. സി.പി.എമ്മും അതിന്റെ നേതാക്കളും വ്യത്യസ്തമാകുന്നത് ഇവിടെയാണ്. തലശ്ശേരിയില്‍ പള്ളി പൊളിക്കുന്നത് തടഞ്ഞതിന് രക്തസാക്ഷിയായത് ഒരു സി.പി.എം പ്രവര്‍ത്തകനാണ്. ഇവിടെ ഒരു മുസ്ലീം ലീഗുകാരനെ പോലും പ്രതിരോധത്തിനായി കണ്ടിട്ടില്ല. സ്വന്തം ജീവന്‍ കൊടുത്താണ് കമ്യൂണിസ്റ്റുകള്‍ കാവി രാഷ്ട്രീയത്തിനെതിരെ പോരാടുന്നത്.

കലാപ ബാധിത പ്രദേശങ്ങളില്‍ ചങ്കുറപ്പോടെ ഇറങ്ങി ചെല്ലുന്നതും സി.പി.എം നേതാക്കളാണ്. ഇതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ തന്നെയുണ്ട്. ആ ചരിത്രമാണ് യെച്ചൂരിയും പിന്‍തുടര്‍ന്നിരിക്കുന്നത്. കലാപബാധിതരെ സംരക്ഷിക്കാനും അവര്‍ക്കു വേണ്ടി പോരാടാനുമാണ് അദ്ദേഹം തയ്യാറായത്. അതെങ്ങനെ കുറ്റമാകുമെന്നതിന് മോദി സര്‍ക്കാറാണ് ഇനി മറുപടി പറയേണ്ടത്. ഒരു കലാപ ആഹ്വാനവും യെച്ചൂരി നടത്തിയിട്ടില്ല. ഇരകള്‍ക്കൊപ്പം നില്‍ക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. അതാകട്ടെ ഒരു കമ്യൂണിസ്റ്റിന്റെ കടമയുമാണ്. ഈ ‘വീര്യത്തെ’ കേസില്‍ പ്രതിയാക്കി തളച്ചിടാം എന്നാണ് ഭരണകൂടം കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റും. ഒരിക്കലും നടക്കാത്ത സ്വപ്നമായിരിക്കും അത്. യെച്ചൂരി വ്യക്തിയല്ല പ്രസ്ഥാനമാണ്. കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് അധികാരമല്ല പ്രത്യേയശാസ്ത്രമാണ് വലുത്. ആ ബോധം തന്നെയാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ തിരിച്ചടികള്‍ക്കിടയിലും തല ഉയര്‍ത്തി നില്‍ക്കാന്‍ ചെങ്കൊടിയെ പ്രേരിപ്പിക്കുന്നത്. ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളുടെ വാതിലിലല്ല സി.പി.എം ആസ്ഥാനത്തിന്റെ വാതിലിലാണ് ഡല്‍ഹി കലാപത്തിലെ ഇരകള്‍ മുട്ടിയിരുന്നത്. അവരുടെ കണ്ണീരിന് പരിഹാരം കാണാനാണ് യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തിറങ്ങിയിരുന്നത്. വാതിലടച്ച് ഉറക്കം നടിച്ച് കിടക്കുന്ന ഖദര്‍ ധാരികള്‍ ഇതൊന്നും കാണുകയില്ല. അവര്‍ക്ക് വേണ്ടത് വോട്ടുകള്‍ മാത്രമാണ്. അതു തന്നെയാണ് അവരുടെ ലക്ഷ്യവും. നാം തിരിച്ചറിയേണ്ടതും ഈ രാഷ്ട്രീയം തന്നെയാണ്.

Top