താമിർ ജിഫ്രിയും സംഘവും പ്രതിയായ കേസും ഗൗരവമുള്ളത്, പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നവർ അതും അറിയണം

ല്ലും നഖവും എടുത്തു കളഞ്ഞാൽ അത് കേരള പൊലീസായാലും ഒന്നിനും പറ്റാത്ത പൊലീസായാണ് മാറുക. അധികം താമസിയാതെ തന്നെ അതു സംഭവിക്കാനാണ് സാധ്യത. ഇക്കാര്യം ഇവിടെ സൂചിപ്പിക്കേണ്ടി വരുന്നത് താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കേരള പൊലീസിനെതിരെ സംഘടിത പ്രചരണം നടക്കുന്നതു കൊണ്ടാണ്. കസ്റ്റഡി കൊലപാതകങ്ങളെ ഒരു കാരണവശാലും പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല. അക്കാര്യം അംഗീകരിക്കുന്നു. എന്നാൽ അതേസമയം തന്നെ കുറ്റവാളികളെ പിടികൂടി നാട്ടിൽ സമാധാനം കൊണ്ടുവരേണ്ട ബാധ്യത പൊലീസിനാണെന്ന യാഥാർത്ഥവും നാം തിരിച്ചറിയേണ്ടതുണ്ട്.

അടിക്കാത്ത പൊലീസിനെ ഏത് ക്രിമിനലുകളാണ് ഭയപ്പെടുക എന്നതിന് ഇപ്പോൾ പൊലീസിനെ കടന്നാക്രമിക്കുന്നവർ മറുപടി പറയണം. ശാസ്ത്രീയമായ രീതികൾ പയറ്റിയതു കൊണ്ടു മാത്രം നാട്ടിൽ സമാധാനം കൊണ്ടുവരാനോ കുറ്റകൃത്യങ്ങൾ തെളിയിക്കാനോ സാധിക്കുകയില്ല. കാക്കിയിൽ ജനങ്ങൾ കരുതൽ കാണണമെങ്കിൽ ക്രിമനലുകളും സാമൂഹ്യ വിരുദ്ധരും ആദ്യം കാക്കിയിൽ കാണേണ്ടതു ഭയമാണ്. അതല്ലാതെ ഉപദേശം മാത്രം നൽകിയാൽ നാടു നന്നാക്കാൻ ഒരു പൊലീസുകാരനും കഴിയുകയില്ല.

ഇന്ന് കേരളം നേരിടുന്ന വലിയ വിപത്ത് ലഹരി മരുന്നാണ്. പുതിയ തലമുറയിൽ കാൻസർ പോലെയാണ് ലഹരിമരുന്നു ഉപയോഗം പടർന്നു പിടിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ അന്തർ സംസ്ഥാന നെറ്റ് വർക്കുള്ള ഒരു മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്. ലഹരി തലയ്ക്ക് പിടിച്ചവർ സ്വന്തം കുടുംബാംഗങ്ങളെ വരെ കൊലപ്പെടുത്തുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. എം.ഡി.എം.എ ​പോലുള്ള മാരക ലഹരി മരുന്ന്​ ഉപയോഗം നിലവിൽ സംസ്ഥാനത്ത് വ്യാപകമാണ്.

നമുക്ക്​ ചുറ്റും ഭയപ്പെടുത്തുംവിധം ലഹരിയുടെ നീരാളി കൈകൾ പടർന്നു കയറി കഴിഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങൾ വരെ അതിന്റെ പിടിയിലമരുന്ന കാഴ്ചകളാണ്​​ നിത്യവും ചുറ്റും നിറയുന്നത്​. പ്രായ വ്യത്യാസമില്ലാതെ മയക്കു മരുന്നു കേസുകളിൽ പിടിയിലാവുന്നത്​ ഒരു വാർത്തയേ അല്ലാതായി എന്നതും ഒരു യാഥാർത്ഥ്യം തന്നെയാണ്. ഏറ്റവും പുതിയ കണക്കുകൾ ​​പ്രകാരം സംസ്ഥാനത്ത്​ ഓരോ ദിവസവും ചുരുങ്ങിയത്​ രണ്ട്​ വിദ്യാർഥികളെങ്കിലും പിടിക്കപ്പെടുന്നുണ്ട്​.

സ്​കൂൾ വിദ്യാർഥികളിൽ നിന്നു ലഹരി വസ്തു പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് സമീപകാലത്ത്​ നിരവധി കേസുകളാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടിരിക്കുന്നത്. വൻ നഗരങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും മാത്രം കേട്ടിരുന്ന ലഹരി ഉപയോഗവും കേസുകളും ഇപ്പോൾ ഗ്രാമങ്ങളിലും എത്തിയിരിക്കുകയാണ്. മയക്കുമരുന്ന്​ ഉപയോഗത്തിൽ ആൺ, പെൺ വ്യത്യാസമോ ജാതി – മത വ്യത്യാസമോ ഒന്നുംതന്നെയില്ല. ഇത്തരമൊരു അപകടകരമായ സാഹചര്യത്തിലാണ് ലഹരിമാഫിയക്കെതിരെ ശക്തമായ നടപടികളുമായി മലപ്പുറം പൊലീസും രംഗത്തെത്തിയിരിക്കുന്നത്.

അതിന്റെ തുടർച്ചയായാണ് മയക്കുമരുന്നു സംബന്ധമായ രഹസ്യ വിവരത്തെ തുടർന്ന് താമിർ ജിഫ്രി ഉൾപ്പെടെയുള്ള അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. ഓഗസ്റ്റ് ഒന്നിന് പുലർച്ചെ ഒന്നരയോടെ പ്രതികളെ താനൂർ ദേവധാർ പാലത്തിനു സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്നുവെന്നാണ് പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. താമിർ മയക്കുമരുന്ന് വിഴുങ്ങിയതായും ദേഹത്ത് മർദനമേറ്റതായും മൃതദേഹപരിശോധനയിലും വ്യക്തമായിരുന്നു. മരണത്തിന് ഇതു രണ്ടും കാരണമായിട്ടുണ്ടെന്നാണ് ഇതുവരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിലും വ്യക്തമായിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് മരണത്തിൽ കൂടുതൽവ്യക്തത വരുത്താൻ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. താമിർ ജിഫ്രിയെയും മറ്റു നാലു പേരെയും എംഡിഎംഎയുമായി പൊലീസ് പിടികൂടിയെന്ന വാർത്തയാണ് താമിറിന്റെ മരണത്തോടെ മുങ്ങിപ്പോയിരിക്കുന്നത്. “ലോക്കപ്പിൽ വെച്ച് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്ന് പുലര്‍ച്ചെ കൂടെ ഉള്ളവർ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചെന്നുമാണ്” പൊലീസ് നൽകിയിരിക്കുന്ന വിശദീകരണം. പൊലീസിന്റെ ഈ വാദവും കസ്റ്റഡിയിലെടുത്ത സ്ഥലം സംബന്ധിച്ച ആരോപണങ്ങളിലും എല്ലാം ഇനി വ്യക്തത വരുത്തേണ്ടത് സി.ബി.ഐയാണ്.

താമിറിന്റെ കൂടെ പൊലീസ് കസ്റ്റഡിയിൽ ആയ പ്രതികളുടെ മൊഴി മാത്രം വിശ്വാസത്തിൽ എടുക്കാതെ എല്ലാവശവും വിശദമായി തന്നെ പരിശോധിച്ച് ഈ മരണത്തിലെ യഥാർത്ഥ വസ്തുതയാണ് സി.ബി.ഐ പുറത്തു കൊണ്ടുവരേണ്ടത്. താമിറിന്റെ മരണത്തിൽ കുറ്റക്കാർ ആരാണെങ്കിലും അവർ ശിക്ഷിക്കപ്പെടുക തന്നെവേണം. അതു പോലെ തന്നെ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാനും പാടുള്ളതല്ല. പൊലീസ് മയക്കു മരുന്നു മാഫിയക്കെതിരായ നടപടി സ്വീകരിച്ചത് ഈ സമൂഹത്തിനു വേണ്ടിയാണ്. അതല്ലാതെ വ്യക്തിപരമായ എന്തെങ്കിലും നേട്ടത്തിനു വേണ്ടി ആയിരുന്നില്ല.

എത്ര വലിയ കേസാണെങ്കിലും പ്രതികളെ പിടികൂടുന്ന പൊലീസുകാർ എടുക്കുന്നത് വലിയ റിസ്ക്കു തന്നെയാണ്. പൊലീസ് കസ്റ്റഡിയിൽ അറ്റാക്ക് വന്നു പ്രതിമരിച്ചാൽ പോലും അകത്ത് പോകേണ്ടി വരുന്നത് പ്രതിയെ പിടിച്ച പൊലീസുദ്യോഗസ്ഥരാണ്. ഇക്കാര്യത്തിൽ ഒരു പരിരക്ഷയും പൊലീസിനില്ല എന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്. ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടയിൽ ഇങ്ങനെ പെട്ടുപോകുന്ന പൊലീസുകാർക്കും ഒരു കുടുംബമുണ്ടെന്നതും കാക്കിയെ പ്രതിക്കൂട്ടിൽ ആക്കുവാൻ മത്സരിക്കുന്ന മാധ്യമ പ്രവർത്തകരും മനസ്സിലാക്കുന്നത് നല്ലതാണ്.

ഒറ്റപ്പെട്ട സംഭവങ്ങൾ മുൻ നിർത്തി കേരള പൊലീസ് മൊത്തം കുഴപ്പക്കാരാണ് എന്ന് വിധിയെഴുതാൻ പാടുള്ളതല്ല. മാധ്യമങ്ങൾ വിചാരണ ചെയ്യുന്ന ഇതേ മലപ്പുറം പൊലീസ് തന്നെയാണ് സ്വർണ്ണക്കള്ളക്കടത്തു സംഘങ്ങളെ ഉൾപ്പെടെ പിടികൂടി കഴിവ് തെളിയിച്ചിരിക്കുന്നത്. സംസ്ഥാനത്തു തന്നെ ശക്തമായ പൊലീസിങ്ങ് നടക്കുന്ന പ്രധാന ജില്ല കൂടിയാണ് മലപ്പുറം. കഴിഞ്ഞ ഒരു വർഷത്തിനിടെ മലപ്പുറം എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തിൽ പിടികൂടിയത് 100-ൽ ഏറെ സ്വർണ്ണക്കടത്തുകളാണ്. കേന്ദ്ര ഏജൻസികളെ പോലും അമ്പരപ്പിച്ച സംഭവമാണിത്. ഇതെല്ലാം കണ്ടില്ലന്ന് നടിച്ച് മലപ്പുറം പൊലീസിന് വില്ലൻ പരിവേഷമാണ് ചില മാധ്യമങ്ങൾ ചാർത്തി നൽകുന്നത്. അതെന്തായാലും അംഗീകരിക്കാൻ കഴിയുന്നതല്ല.

ഒറ്റപ്പെട്ടതിനെ ഒറ്റപ്പെട്ടതായി തന്നെ കാണണം. താനൂർ സംഭവത്തിൽ താമിറിനെ മർദ്ദിച്ചു കൊന്നതാണെന്നു തെളിഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണ റിപ്പോർട്ടു പുറത്തു വരുന്നതുവരെ ഏകപക്ഷീയമായ കടന്നാക്രമണം പ്രതിപക്ഷ പാർട്ടികളും ഒഴിവാക്കണം. നിങ്ങൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ചുമതലപ്പെട്ടവരാണ് പൊലീസുകാർ. അവരുടെ ആത്മവീര്യത്തെ തകർത്താൽ അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും വളരെ ഗുരുതരമായിരിക്കും. അതും ഓർക്കുന്നതു നല്ലതാണ്.

EXPRESS KERALA VIEW

Top