നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു; യുവാവ് മരിച്ചു

കോട്ടയം: കോട്ടയം തിടനാട് വെട്ടിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെട്ടിക്കാട് സ്വദേശി സിറിൾ (35) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് നിഗമനം. തിടനാട് ടൗണിന് സമീപമായിരുന്നു അപകടം.

ഇന്നലെ രാത്രിയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. രാവിലെയാണ് കാർ തോട്ടിൽ വീണു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തിടനാട് പൊലീസും ഈരാറ്റുപേട്ടയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി കാർ കരയ്ക്ക് കയറ്റുകയായിരുന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പൊലീസെത്തുമ്പോൾ കാർ പൂർണമായും കീഴ്‌മേൽ മറിഞ്ഞനിലയിലായിരുന്നു. വെള്ളത്തിൽ വീണ് ശ്വാസം മുട്ടിയാണ് സിറിളിന്റെ മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Top