കേരളീയത്തിനായി തലസ്ഥാനം ഒരുങ്ങി; നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ 40 വേദികളിലായാണ് പരിപാടി

തിരുവനന്തപുരം: കേരളീയത്തിന് ഒരുങ്ങി തലസ്ഥാന നഗരം. കേരളീയം, ഇതുവരെ കണ്ടിട്ടില്ലാത്ത മഹാ സര്‍ഗോത്സവമാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ 40 വേദികളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കേരളീയത്തിനായി ജില്ലയില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. കേരളീയം വേദികള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ റെഡ്‌സോണ്‍ ആയി കണ്ട് ക്രമീകരണങ്ങളും പാര്‍ക്കിങ്ങിന് വിപുലമായ സംവിധാനവുമൊരുക്കും.

കേരളത്തിന്റെ പുരോഗതിയും നേട്ടങ്ങളും സാംസ്‌കാരിക പാരമ്പര്യവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ഏഴ് ദിവസ പരിപാടിയിലൂടെ കേരളീയം ലക്ഷ്യം വയ്ക്കുന്നത്. സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, കല-സാംസ്‌കാരിക പരിപാടികള്‍, ഭക്ഷണ മേളകള്‍ തുടങ്ങി ഇനി അങ്ങോട്ട് തലസ്ഥാനം തിരക്കിലാവും.

നവംബര്‍ ഒന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യ യാത്രയും ഒരുക്കും. കിഴക്കേക്കോട്ട മുതല്‍ കവടിയാര്‍ വരെ 8 കിലോമീറ്ററിലധികം ദൂരത്തില്‍ എട്ടു വ്യത്യസ്ത കളര്‍ തീമുകളില്‍ ദീപാലങ്കാരവും ഒരുക്കും. പ്രതിപക്ഷം സര്‍ക്കാരിന്റെ ധൂര്‍ത്തെന്ന് ആരോപിക്കുമ്പോഴും, ലോകോത്തര കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന പരിപാടിയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കേരളീയത്തിനായി തിരക്കിട്ട ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

Top