തൊഴുത്തിന് തീ പിടിച്ച് പശുക്കിടാവിനും, ഉടമസ്ഥനും പൊള്ളലേറ്റു

ചാരുംമൂട്: ആലപ്പുഴയില്‍ തൊഴുത്തിന് തീ പിടിച്ച് പശുക്കിടാവിനും, ഉടമസ്ഥനും പൊള്ളലേറ്റു. നൂറനാട് പാറ്റൂർ പുലിമേൽ വാഴയിൽ കിഴക്കതിൽ സോമരാജൻ നായർ, ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പശുക്കിടാവിനുമാണ് പൊള്ളലേറ്റത്.ദേഹമാസകലം പൊള്ളലേറ്റ സോമരാജൻ നായരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രകാശം കണ്ട്  പുറത്തെത്തിയപ്പോഴാണ് തൊഴുത്തിന് തീപിടിച്ച വിവരം വീട്ടുകാർ അറിയുന്നത്. പശുവും കിടാവുമാണ് തൊഴുത്തിലുണ്ടായിരുന്നത്. പശുക്കളെ രക്ഷിക്കാൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സോമരാജന് പൊള്ളലേൽക്കുന്നത്. പശുക്കിടാവിനും ഗുരുതരമായി പൊള്ളലേറ്റു.

തീ പടര്‍ന്ന് ഓട് മേഞ്ഞിരുന്ന തൊഴുത്ത് പൂര്‍ണമായും കത്തിനശിച്ചു. സമീപവാസികളുടെ സഹായത്തോടെ തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കായംകുളത്തു നിന്നും എത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്. സംഭവം അറിഞ്ഞത്തിയ വെറ്ററിനറി ഡോക്ടർ പശുക്കിടാവിന് ചികിത്സ നൽകി.

Top