അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിൽ മഹാരാഷ്ട്രയിൽ മന്ത്രിസഭ അധികാരമേറ്റു

മുംബൈ: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്രയിൽ മന്ത്രിസഭ വികസനം പൂർത്തിയായി. പുതിയ മന്ത്രിമാരായി 18 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചേർന്ന് ഭരിച്ച 40 ദിനങ്ങളാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞുപോയത്. സംസ്ഥാനത്ത് പ്രളയമടക്കം പ്രതിസന്ധികൾ നേരിട്ടപ്പോഴും ഉദ്യോഗസ്ഥരായിരുന്നു ഭരണം നിയന്ത്രിച്ചത്.

ഏക്നാഥ് ഷിന്‍ഡെയും ദേവേന്ദ്ര ഫഡ്നാവിസും പലവട്ടം ദില്ലിയിൽ പോയി ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമാണ് ഇപ്പോഴത്തെ മന്ത്രിസഭാ വികസനം. മന്ത്രിസ്ഥാനം കിട്ടാത്തവർ പാലം വലിക്കുമോ എന്ന ഭയം ഒരുവശത്ത് ഇപ്പോഴും നിലനിൽക്കുകയാണ്. സത്യപ്രതിജ്ഞക്ക് പിന്നാലെ ഷിൻഡെ ക്യാമ്പിലും ബിജെപി ക്യാമ്പിലും അതൃപ്തർ വിമർശനവുമായി രംഗത്തെത്തി.

9 മന്ത്രിമാരെ വീതം ഷിൻഡെ-ബിജെപി പക്ഷങ്ങൾ പങ്കുവച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അടക്കമുള്ള മുൻ മന്ത്രിമാർ പലരും പുതിയ മന്ത്രിസഭയിലും ഉണ്ട്. മന്ത്രിസ്ഥാനം നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അനുയായികൾ ഭീഷണി മുഴക്കിയ സേനാ എംഎൽഎ അബ്ദുൾ സത്താറും സത്യപ്രതിജ്ഞ ചെയ്തു. അതേസമയം ഏക്നാഥ് ഷിൻഡെ വാക്ക് പാലിച്ചില്ലെന്ന് പ്രഹാർ ജൻശക്തി പാർട്ടി നേതാവ് ബച്ചു കദു പ്രതിഷേധിച്ചു. കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്ന ബച്ചുവിന് മന്ത്രി സ്ഥാനം ഉറപ്പ് നൽകിയായിരുന്നു ശിൻഡെ ഒപ്പം നിർത്തിയത്.

ഷിൻഡെ ക്യാമ്പിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്ത സഞ്ജയ് റാത്തോഡിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് തന്നെ രംഗത്തെത്തി. ഒരു യുവതിയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായതിനെ തുടർന്ന് കഴിഞ്ഞ സർക്കാരിൽ രാജിവച്ചയാളാണ് സഞ്ജയ്.

Top