ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്‌യുവി ഒക്ടോബറിൽ ലോഞ്ച് ചെയ്യും

ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡിയുടെ പുതിയ ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്‌യുവി 2022 ഒക്ടോബർ 11-ന് രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു . രാജ്യത്തെ സ്വകാര്യ ഉപഭോക്താക്കൾക്കായി കമ്പനി അടുത്തിടെ ഇ6 ഇലക്ട്രിക് എംപിവി അവതരിപ്പിച്ചിരുന്നു. പുതിയ അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ ഡെലിവറി 2023-ന്റെ തുടക്കത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റൊരു ചൈനീസ് ബ്രാൻഡായ എംജിയുടെ ഇലക്ട്രിക്ക് മോഡലിന് എതിരാളിയായി എത്തുന്ന പുതിയ ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്-ഷോറൂം വില ഏകദേശം 30 ലക്ഷം രൂപ മുതൽ 35 ലക്ഷം രൂപ വരെയായിരിക്കും.

201ബിഎച്ച്പിയും 310എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്തേകുന്നത്. ഇലക്ട്രിക് മോട്ടോർ ഫ്രണ്ട് വീലുകളിലേക്ക് മാത്രം പവർ അയയ്‌ക്കുന്നു, മാത്രമല്ല ഇത് റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വരുന്നു. വെറും 7.3 സെക്കൻഡിൽ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു.

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുള്ള പുതിയ അറ്റോ 3 ഇലക്ട്രിക് എസ്‌യുവി ബിവൈഡി പുറത്തിറക്കാൻ സാധ്യതയുണ്ട്. ഇതിന് 49.92kWh ബാറ്ററി പായ്ക്ക് ഉണ്ട്, ഇത് WLTP- സാക്ഷ്യപ്പെടുത്തിയ 345 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ WLTP സാക്ഷ്യപ്പെടുത്തിയ 420km റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ 60.48kWh ബാറ്ററി പാക്കാണ് ലോംഗ് റേഞ്ച് പതിപ്പിന്റെ സവിശേഷത. പുതിയ BYD ഇലക്ട്രിക് എസ്‌യുവി – സ്റ്റാൻഡേർഡ് 3-പിൻ പ്ലഗ് എസി ചാർജർ, എസി ചാർജിംഗ് (ടൈപ്പ് 2), ഡിസി ഫാസ്റ്റ് ചാർജിംഗ് (സ്റ്റാൻഡേർഡ് – 70 കിലോവാട്ട്, എക്സ്റ്റെൻഡഡ് – 80 കിലോവാട്ട്) എന്നിങ്ങനെ മൂന്ന് ചാർജിംഗ് ഓപ്ഷനുകളോടെ ലഭ്യമാകും .

Top