അല്‍ജസീറ മാധ്യമപ്രവര്‍ത്തയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച വെടിയുണ്ട യു.എസിന് കൈമാറി

സ്രായേല്‍ വെടിവെച്ചു ​​കൊന്ന അല്‍ജസീറ മാധ്യമപ്രവര്‍ത്തക ശിര്‍റീന്‍ അബു ആഖിലയുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത വെടിയുണ്ട പരിശോധിക്കാന്‍ ഫലസ്തീന്‍ അധികൃതര്‍ യു.എസിനു കൈമാറി.

ശിര്‍റീന്‍ ആഖിലയെ ഇസ്രായേല്‍ വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് പലസ്തീന്‍ അധികൃതരും ചില മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും വിശ്വസിക്കുന്നത്.

അവരുടെ ശരീരത്തില്‍ നിന്ന് ലഭിച്ച വെടിയുണ്ട ഇസ്രായേല്‍ സൈന്യത്തിന്റെ എം 4 തോക്കില്‍ നിന്നാണെന്നതിന് വിവരം ലഭിച്ചതായി യു.എന്‍ ഹ്യൂമന്‍ റൈറ്റ്സ് ഓഫിസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ശിര്‍റീന്റെ തലയ്ക്കാണ് വെടിയേറ്റത്. 3ഡി മോഡല്‍സ് വഴിയാണ് ബുള്ളറ്റ് പരിശോധിച്ചത്. 5.56 മില്ലീമീറ്റര്‍ കാലിബര്‍ ഉള്ളതാണ് ബുള്ളറ്റ് എന്നും ഇത് ഇസ്രായേല്‍ സൈന്യം ഉപയോഗിക്കുന്നതാണെന്നും കണ്ടെത്തിയിരുന്നു. വൃത്തത്തിലുള്ള വെടിയുണ്ടയുടെ രൂപകല്‍പനയും നിര്‍മാണവും യു.എസിലാണെന്നും മനസിലായി. അതിനിടെ, യു.എസ് വിദഗ്ധരുടെ സാന്നിധ്യത്തില്‍ വെടിയുണ്ട പരിശോധിക്കുമെന്ന് അറിയിച്ച്‌ ഇസ്രായേലും രംഗത്തുവന്നിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകയെ വധിച്ചത് ഫലസ്തീന്‍ അധികൃതര്‍ ആണെന്നാണ് ആദ്യം ഇസ്രായേല്‍ അധികൃതര്‍ അവകാശപ്പെട്ടത്. പിന്നീട് വാദത്തില്‍ നിന്ന് മലക്കം മറിഞ്ഞ ഇസ്രായേല്‍ അധികൃതര്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പിലാകാം ശിര്‍റീന്‍ ആഖില കൊല്ലപ്പെട്ടതെന്ന സാധ്യത തള്ളിക്കളയുന്നില്ലെന്ന് വ്യക്തമാക്കുകയുണ്ടായി.

കൊലപാതകത്തില്‍ സംയുക്ത അന്വേഷണം നടത്താമെന്ന ഇസ്രായേലിന്റെ നിര്‍ദേശം ഫലസ്തീന്‍ അധികൃതര്‍ തള്ളിയിരുന്നു. മേയ് 11 നാണ് വെസ്റ്റ്ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ ശിര്‍റീന്‍ ആഖില കൊല്ലപ്പെട്ടത്.

Top