ബജറ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ള വ്യാജരേഖ; രമേശ് ചെന്നിത്തല

ജറ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ള വ്യാജരേഖയാണെന്ന് രമേശ് ചെന്നിത്തല. ഇടതു സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളും ധൂര്‍ത്തും അഴിമതിയും കാരണമാണ് കേരളം കടക്കെണിയിലായത്. അതിനെ മറച്ചുവച്ചും അഴിമതികളെ വൈള്ള പൂശിയും സര്‍ക്കസ് കാണിച്ച ധനമന്ത്രി തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുന്നില്ലെന്നാണ് ബജറ്റ് പ്രസംഗം തെളിയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളിലെ ഒരംശം പോലും നടപ്പാക്കിയിട്ടില്ല. ഇത്തവണയും ഒന്നും നടപ്പാവാന്‍ പോകുന്നില്ല. മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ സൂത്രപ്പണി തന്നെയാണ് ബാലഗോപാലും നടത്തുന്നത്. സ്വകാര്യ സര്‍വ്വകലാശാലകളേയും വിദേശ സര്‍വ്വകലാശാലകളെയും അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തുന്ന ധനമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ക്ഷേമ പെന്‍ഷനുകള്‍ കൂട്ടുമെന്ന വാഗ്ദാനം ഇടതു സര്‍ക്കാര്‍ വിഴുങ്ങി. കുടിശിക പോലും കൊടുക്കുമെന്ന് ഉറപ്പില്ല. പങ്കാളിത്ത പെന്‍ഷന്‍ കാര്യത്തില്‍ ഇത്രയും കാലം ജീവനക്കാരെ പറ്റിച്ച സര്‍ക്കാര്‍ വീണ്ടും അവ്യക്തമായ പദ്ധതി പ്രഖ്യാപിച്ചു കബളിപ്പിക്കുന്നു. അധിക നികുതി അടിച്ചേല്പിക്കുന്ന സര്‍ക്കാര്‍ നികുതി കുടിശിക പിരിച്ചെടുക്കുകയോ ധനാഗമന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയോ ചെയ്യുന്നില്ല. ജനങ്ങളെ കബളിപ്പിക്കാനുള്ള, തെല്ലും ആത്മാര്‍ത്ഥതയില്ലാത്ത, പൊള്ളയായ രാഷ്ട്രീയ പ്രസംഗം മാത്രമാണ് ബാലഗോപാലിന്റെ ബജറ്റ് പ്രസംഗമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. റബ്ബറിന് വില സ്ഥിരതാ പദ്ധതിയില്‍ 250 രൂപ ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും ജനരോഷവും ഭയന്നു കൊണ്ടാണ് റബ്ബറിന്റെ താങ്ങുവിലയില്‍ 10 രൂപയുടെ മാത്രം വര്‍ദ്ധനവ് പ്രഖ്യാപിച്ചതെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. നടപടി റബ്ബര്‍ കര്‍ഷകരെ അപമാനിക്കുന്നതിനും കബളിപ്പിക്കുന്നതിനും തുല്യമാണ്. റബ്ബര്‍ കര്‍ഷക മേഖലയില്‍ സര്‍ക്കാരിനെതിരെയുള്ള ശക്തമായ ജനരോഷം ഒഴിവാക്കുന്നതിനായി കേരള കോണ്‍ഗ്രസ് മാണി വിഭാഗവും സിപിഐഎമ്മും നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് റബറിന്റെ താങ്ങുവില 180 രൂപയാക്കിയ പ്രഖ്യാപനം. റബ്ബര്‍ കര്‍ഷകരെല്ലാം ബൂര്‍ഷ്വാകളാണെന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Top