കോണ്‍ഗ്രസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ബി എസ് പി

bsp-leader-mayavathi

ജയ്പൂര്‍: കോണ്‍ഗ്രസിനെതിരെ മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പി പാര്‍ട്ടി രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ബിഎസ്പിയുടെ ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതാണ് ഹര്‍ജിക്ക് കാരണം. തങ്ങളുടെ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

2018ലെ തിരഞ്ഞെടുപ്പിന് ശേഷം വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ വേണ്ടിയാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതെന്ന് മായാവതി പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാരിന് നിരുപാധിക പിന്തുണയാണ് ബിഎസ്പി പ്രഖ്യാപിച്ചത്. എന്നാല്‍ ബിഎസ്പിയെ നശിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ്. തങ്ങളുടെ എല്ലാ എംഎല്‍എമാരെയും നിയമവിരുദ്ധ നീക്കത്തിലൂടെ അവരുടെ പാളയത്തില്‍ എത്തിച്ചു. മുമ്പും സമാനമായ നീക്കം അശോക് ഗെഹ്ലോട്ട് നടത്തിയിട്ടുണ്ടെന്നും മായാവതി പറഞ്ഞു.

ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും മായാവതി വ്യക്തമാക്കി. ഈ വിഷയത്തില്‍ നേരത്തെ ബിഎസ്പിക്ക് കോടതിയെ സമീപിക്കാമായിരുന്നു. കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ അവസരം കാത്തിരിക്കുകയായിരുന്നുവെന്നും മായാവതി വ്യക്തമാക്കി.

Top