The BSF soldier who Keeping the countries border, cant keep his home territory

പേരാവൂര്‍ : രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെ (ബി.എസ്.എഫ്) സബ് ഇന്‍സ്‌പെക്ടര്‍ സ്വന്തം വീടും സ്ഥലവും ഉപേക്ഷിച്ച് പാലായനം ചെയ്തു.

പേരാവൂര്‍ വെള്ളൂര്‍വള്ളിയില്‍ താമസിച്ചിരുന്ന ബി.എസ്.എഫ് സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലമുളയില്‍ ലിജേഷും മാതാപിതാക്കളുമാണ് അതിക്രമങ്ങളെ തുടര്‍ന്ന് നാട് വിട്ടത്.

സി.പി.എം പ്രവര്‍ത്തകരെ പ്രതികൂട്ടില്‍ നിര്‍ത്തിയാണ് ലിജേഷിന്റെയും മാതാവ് ലളിതയുടെയും ആരോപണം. ഒഡീഷയിലെ ഉള്‍പ്രദേശത്താണ് ലിജേഷ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.

താന്‍ നാട്ടിലില്ലാത്ത സമയത്ത് മാതാപിതാക്കള്‍ക്ക് നേരെ പലതവണ ആക്രമണ ശ്രമങ്ങള്‍ ഉണ്ടായിരുന്നതായാണ് ഈ ബി.എസ്.എഫ് സബ് ഇന്‍സ്‌പെക്ടറുടെ ആരോപണം. തന്റെ പിതാവ് കോണ്‍ഗ്രസ്സുകാരനായതിനാലാണ് ഉപദ്രവമെന്നാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. വെള്ളൂര്‍വള്ളിയിലെ വീട്ടിലേക്ക് വഴി നടക്കാന്‍പോലും അനുവദിക്കാറില്ലെന്നും കിണറ്റിലും പറമ്പിലും മാലിന്യങ്ങള്‍ നിക്ഷേപിക്കാറുണ്ടെന്നും കുടുംബം ആരോപിച്ചു.

അയല്‍വാസിയുടെ വീടിന് ഭീഷണിയാണെന്ന കാരണം പറഞ്ഞ് തന്റെ വീട്ടിലെ മൂന്ന് തെങ്ങുകള്‍ അനുമതിയില്ലാതെ മുറിച്ച് നീക്കിയെന്നും ഇത് പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരമായിരുന്നുവെന്നും ലിജേഷ് കുറ്റപ്പെടുത്തി.

രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലെ ഇത്തരം പ്രവര്‍ത്തികളില്‍ മനംമടുത്ത് വീടും സ്ഥലവും ഉപേക്ഷിച്ച് പോയ ഈ ബി.എസ്.എഫ് ഉദ്യോഗസ്ഥന്റെ കുടുംബമിപ്പോള്‍ മണത്തണ അയോത്തുംചാലിലാണ് താമസിക്കുന്നത്.

Top