ബിഎസ്എഫ് ജവാനെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീകരര്‍ വെടിവച്ചുകൊലപ്പെടുത്തി

ശ്രീനഗര്‍: കശ്മീരില്‍ ബിഎസ്എഫ് ജവാനെ ഭീകരര്‍ വീട്ടില്‍ അതിക്രമിച്ചുകയറി വെടിവെച്ചു അതിക്രൂരമായി കൊലപ്പെടുത്തി.

നിരായുധനായിരുന്നു ജവാന്‍. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ റമീസ് അഹമ്മദ് പാരിയ (31) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ശ്രീനഗറിലെ ബന്ദിപ്പോരയില്‍ ഹജിനിലായിരുന്നു സംഭവം.

റമീസ് അഹമ്മദ് സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ റമീസിന്റെ ബന്ധുക്കളായ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റമീസിന്റെ പിതാവ്, രണ്ട് സഹോദരങ്ങള്‍, അടുത്ത ബന്ധുവായ ഒരു സ്ത്രീ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സ്ത്രീയുടെ നില ഗുരുതരമാണ്.

റമീസ് ബിഎസ്എഫില്‍ ജോലി നേടിയിട്ട് ആറു വര്‍ഷം കഴിഞ്ഞു. അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് അതിക്രൂരമായ ആക്രമണത്തിനു വിധേയനായത്. മനുഷ്യത്വ രഹിതമായ ആക്രമണമാണിതെന്ന് ജമ്മുകശ്മീര്‍ പോലീസ് മേധാവി എസ്.പി വായിദ് പറഞ്ഞു.

Top