ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; സംഘത്തിലെ രണ്ടുപേരെ സഹോദരന്‍ തിരിച്ചറിഞ്ഞു

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് പുറത്തുവിട്ട പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാ ചിത്രം കുട്ടിയുടെ സഹോദരന്‍ തിരിച്ചറിഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാളാണെന്ന് കുട്ടി തിരിച്ചറിഞ്ഞുവെന്നാണ് സ്ഥിരീകരിച്ച വിവരം. കൂടാതെ മറ്റൊരാളുടെ തിരച്ചറിയല്‍ കാര്‍ഡും പൊലീസ് കുട്ടിയെ കാണിച്ചിരുന്നു. അയാളെയും കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.

പൊലീസ് പുറത്തുവിട്ട രേഖാചിത്രത്തിലുള്ള ആളല്ലാതെ സംഘത്തിലുണ്ടായിരുന്ന മറ്റൊരാളെയാണ് തിരിച്ചറിഞ്ഞിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ആ വ്യക്തിയെ ലൊക്കേറ്റ് ചെയ്യാന്‍ ആയി എന്ന വിവരവും വീട്ടുകാര്‍ക്ക് ലഭിക്കുന്നുണ്ട്. പ്രതികളുടെ പിന്നാലെ തന്നെ പൊലീസ് ഉണ്ട് എന്ന് തന്നെയാണ് സ്ഥിരീകരിക്കുന്നത്.

കുട്ടിയുടെ അച്ഛനോടും അടുത്ത സുഹൃത്തുക്കളോടും കൃത്യമായി ഒരാളുടെ പേര് ചോദിച്ച് ആ വ്യക്തിയെ അറിയാമോ എന്നടക്കമുള്ള ചോദ്യങ്ങളും പൊലീസ് ചോദിക്കുന്നുണ്ട്. കുട്ടി സുരക്ഷിതമായി ഉണ്ട് എന്ന് ഉറപ്പാക്കുന്നതിനായി പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, ഗോഡൗണുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, ടൂറിസം മേഖല കേന്ദ്രീകരിച്ചിട്ടുള്ള റിസോട്ടുകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.

Top