ഖത്തര്‍ ലോകകപ്പിന് സുരക്ഷയൊരുക്കാന്‍ ബ്രിട്ടീഷ് സൈന്യമെത്തും

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് സുരക്ഷയൊരുക്കാന്‍ ബ്രിട്ടന്‍റെ റോയല്‍ എയര്‍ഫോഴ്സും റോയല്‍ നേവിയുമെത്തും. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടെയാണ് പ്രഖ്യാപനം. ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി അമീര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് പ്രതിരോധ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് ടൂര്‍ണമെന്‍റ് നടത്തിപ്പിന് നേരിടുന്ന വെല്ലുവിളികളും ഭീഷണികളും പ്രതിരോധിക്കുന്നതിനും ഭീകരതയെമായി ചെറുക്കുന്നതിനും ഖത്തറിന് പൂർണപിന്തുണ നൽകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഖത്തറിലെത്തുന്ന ഫുട്ബോൾ പ്രേമികളുടെ സുരക്ഷ ഉറപ്പുവരുത്തർത്തുന്നതിന് ഖത്തറിന്‍റെയും ബ്രിട്ടന്റെയും വ്യോമസേന സുരക്ഷ ശക്തമാക്കുമെന്നും ടൂര്‍ണമെന്‍റ് സമയത്ത് സംയുക്ത സ്ക്വാഡ്രോണ്‍ വ്യോമ സുരക്ഷ വലയം തീര്‍ക്കുമെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് എം.പി പറഞ്ഞു.

റോയല്‍ നേവിയുടെ പിന്തുണയോടെയുള്ള സമുദ്ര സുരക്ഷ, വേദികളിലെ പരിശോധന പരിശീലനം, ഓപറേഷന്‍ ആസൂത്രണം, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സപ്പോര്‍ട്ട് എന്നിവയായിരിക്കും ബ്രിട്ടീഷ് സേനയുടെ പ്രവര്‍ത്തന മേഖല. റോയല്‍ എയര്‍ഫോഴ്സും ഖത്തര്‍ അമീരി എയര്‍ഫോഴ്സും ഒരുമിച്ച് 12 സ്ക്വാഡ്രോണ്‍ എന്ന പേരിലറിയപ്പെടുന്ന സംയുക്ത ടൈഫൂണ്‍ സ്ക്വാഡ്രോണ്‍ ഖത്തരി ആകാശത്ത് സുരക്ഷവലയം തീര്‍ക്കും. 2018 ജൂൺ മുതല്‍ ബ്രിട്ടനിലും ഖത്തറിലുമായി 12 സ്ക്വാഡ്രോണ്‍ പരിശീലനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ലോകകപ്പ് സമയത്ത് ഖത്തര്‍ വ്യോമസുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തവും മേല്‍നോട്ടവും ഖത്തരി അമീരി വ്യോമസേനക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഞങ്ങളുടെ പ്രതിരോധ, സൈനിക പങ്കാളിത്തത്തിന്റെ പ്രകടനമാണെന്നും വാലസ് സൂചിപ്പിച്ചു.

Top