അഫ്ഗാന്‍ ഭീകരരുടെ താവളമാകാന്‍ അനുവദിക്കില്ല; ബ്രിക്‌സ് ഉച്ചക്കോടി

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെ ഭീകരര്‍ സുരക്ഷിത താവളമാക്കുന്നത് തടയുമെന്ന് വ്യക്തമാക്കി ബ്രിക്‌സ് ഉച്ചകോടി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ തുടങ്ങിയ ബ്രിക്‌സ് ഉച്ചകോടി അഫ്ഗാനിസ്ഥാനില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് വീണ്ടും സജീവമാകുന്നതില്‍ ഉത്കണ്ഠ രേഖപ്പെടുത്തി.

ബ്രിക്‌സ് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുചിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീലിയന്‍ പ്രസിഡന്റ് ജൈര്‍ ബോണ്‍സണാരോ എന്നിവര്‍ പങ്കെടുത്തു.

അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണം സമാധാനപരമായിരിക്കണം എന്ന് ബ്രിക്‌സ് രാജ്യങ്ങള്‍ നിര്‍ദ്ദേശിച്ചു. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് ചൈനയും റഷ്യയും അംഗീകരിച്ചു. ഭീകരര്‍ക്ക് സുരക്ഷിത താവളം നല്കരുത്, മറ്റു രാജ്യങ്ങള്‍ക്കെതിരെ യുദ്ധം നടത്താന്‍ ഭീകര സംഘടനകള്‍ക്ക് അഫ്ഗാന്‍ മണ്ണാകരുത് എന്നും പ്രഖ്യാപനത്തിലുണ്ട്. ഐഎസ് വീണ്ടും സജീവമാകുന്നതിലും നേതാക്കള്‍ ആശങ്ക അറിയിച്ചു.

അമേരിക്ക പിന്മാറിയ രീതിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പുടിന്‍ കുറ്റപ്പെടുത്തി. സ്ഥിതി ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിളിച്ച യോഗത്തിലും ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ ഭീകര സംഘടനകള്‍ക്ക് കിട്ടുന്ന പിന്തുണയില്‍ ആശങ്ക അറിയിച്ചു.

Top