സ്ത്രീധനമായി ബൈക്ക് നൽകിയില്ല; യുവാവ് ഭാര്യയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു

റായ്പുർ: സ്ത്രീധനമായി ബൈക്ക് നൽകിയില്ലെന്നാരോപിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. ചത്തീസ്ഗഢിലെ മുൻഗേലി ജില്ലയിലെ ബൊണ്ടാര ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം.

സ്ത്രീധനത്തോടൊപ്പം ബൈക്കും വേണമെന്ന് യുവാവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭാര്യ വീട്ടുകാർക്ക് ഇത് നൽകാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ പ്രകോപിതനായ യുവാവ് ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും അവശയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി ഇയാൾ ഭാര്യയുടെ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. ഭാര്യ ആത്മഹത്യ ചെയ്തുവെന്നാണ് ഇയാൾ അയൽവാസികളോട് പറഞ്ഞത്.

അയൽവാസികളിലൊരാൾ സംഭവം പോലീസിനെ അറിയിക്കുകയും തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയുമായിരുന്നു. പോസ്റ്റമോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോഴാണ് യുവതി ആത്മഹത്യ ചെയ്തതല്ല. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Top