ഐവറികോസ്റ്റ് താരത്തിനെതിരെ പരാതിയുമായി മത്സരം കാണാനെത്തിയ കുട്ടി

മലപ്പുറം: അരീക്കോട് ചെമ്രക്കാട്ടൂരില്‍ കഴിഞ്ഞദിവസം നടന്ന ഫൈവ്സ് ഫുട്ബോള്‍ മത്സരത്തിനിടെ വംശീയാധിക്ഷേപവും മര്‍ദ്ദനവും നേരിട്ടെന്ന പരാതി നല്‍കിയ ഐവറികോസ്റ്റ് താരം ഹസ്സന്‍ ജൂനിയറിനെതിരേ പരാതിയുമായി മത്സരം കാണാനെത്തിയ കുട്ടി.

താരത്തിനെതിരേ വംശീയാധിക്ഷേപം നടന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഹസ്സന്‍ മത്സരത്തിനിടെ കുട്ടിയെ ചവിട്ടിവീഴ്ത്തിയെന്നും ഇതേത്തുടര്‍ന്ന് പ്രകോപിതരായ കാണികള്‍ ഇയാള്‍ക്കെതിരേ തിരിയുകയായിരുന്നൂവെന്നും നാട്ടുകാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഹസ്സന്‍ ഓടിവന്ന് കുട്ടിയെ ചവിട്ടുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് നാട്ടുകാര്‍ ഇയാള്‍ക്കെതിരേ തിരിയുന്നത്.കളിക്കിടയില്‍ ഹസ്സന്‍ ഓടിവന്ന് ചവിട്ടിയെന്ന് അരീക്കോട് പോലീസ്സ്റ്റേഷനില്‍ നല്‍കിയ കുട്ടിയുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി എസ്.എച്ച്.ഒ. എ. ആദംഖാന്‍ പറഞ്ഞു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച താരത്തെ കാണികള്‍ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ആള്‍ക്കൂട്ട ആക്രമണത്തിനും വംശീയാധിക്ഷേപത്തിനും ഇരയായെന്ന് ആരോപിച്ചും കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടും ഹസ്സന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ സാക്ഷികളെ ചോദ്യംചെയ്‌തെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.ചെമ്രക്കാട്ടൂരില്‍ നടന്ന മത്സരത്തിനിടെ ഹസ്സന്‍ ജൂനിയറിനെ കാണികള്‍ മൈതാനത്തിലിറങ്ങി കൂട്ടമായി ആക്രമിച്ചിരുന്നു.

Top