ലഡാക്കിലെ ഇന്ത്യാ-ചൈനാ സംഘര്‍ഷം പരിഹരിക്കപ്പെട്ടിട്ടില്ല; പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: ലഡാക്കില്‍ തുടരുന്ന ഇന്ത്യാ-ചൈന അതിര്‍ത്തി സംഘര്‍ഷം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ലോക്സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നിലവിലുള്ള ധാരണകള്‍ ഒന്നും ചൈന മാനിക്കുന്നില്ല. അതിര്‍ത്തി സംബന്ധിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കും വ്യത്യസ്ത അഭിപ്രായമാണ് ഉള്ളതെന്നും അദ്ദേഹം ലോക്സഭയില്‍ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും 1960-ല്‍ അംഗീകരിച്ച നിയന്ത്രണരേഖയെ സംബന്ധിച്ച ധാരണകള്‍ ഇന്ത്യ ഇതുവരെ പിന്തുടര്‍ന്നിട്ടുണ്ട്. പക്ഷെ ചൈന ഇപ്പോഴിത് അംഗീകരിക്കാന്‍ തയ്യാറല്ല. നിയന്ത്രണരേഖയെപ്പറ്റി വ്യത്യസ്തമായ അഭിപ്രായമാണ് ഇരുഭാഗത്തുമുള്ളതെന്നാണ് ഇപ്പോള്‍ ചൈന പറയുന്നത്.

1993-ലും 199-6ലും ഒപ്പിട്ട കരാറുകള്‍ ചൈന ഏകപക്ഷീയമായി ലംഘിച്ചെന്നും രാജ്നാഥ് സിങ് പറഞ്ഞു. കരാര്‍ ലംഘിച്ച് ഇന്ത്യയുടെ ഭാഗത്തേക്ക് കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കം ഇന്ത്യന്‍ സൈനികര്‍ ധീരമായി തടഞ്ഞു. ക്ഷമയും പരിഹാരവും മാത്രമല്ല, ആവശ്യമുള്ളപ്പോള്‍ ധീരതയും വീര്യവും സൈന്യം പ്രകടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നം സമാധാനപരമായി പരിഹരിക്കാനാണ് ഇന്ത്യയുടെ ആഗ്രഹം. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ എന്ത് ചെയ്യാനും സജ്ജമാണെന്നും ചൈനയെ അറിയിച്ചതായി രാജ്നാഥ് സിങ് വ്യക്തമാക്കി. സമാനമായ സന്ദേശം വിദേശകാര്യമന്ത്രിയും ചൈനയ്ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top