75 ദിവസങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന സേനാ ഹെലികോപ്റ്ററിലെ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി

deadbody

പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഓഗസ്റ്റ് മൂന്നിനുണ്ടായ അപകടത്തെ തുടര്‍ന്ന് കാണാതായ സൈനിക ഹെലികോപ്റ്ററിലെ സെക്കന്റ് പൈലറ്റ് ക്യാപ്റ്റന്‍ ജയന്ത് ജോഷിയുടെ മൃതദേഹം കണ്ടെത്തി. പത്താന്‍കോട്ടെ രഞ്ജിത്ത് സാഗര്‍ ഡാമിലേക്ക് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണാണ് അപകടമുണ്ടായത്.

അന്നുമുതല്‍ കരനാവിക സേന സംയുക്തമായി നടത്തുന്ന അന്വേഷണത്തിലാണ് 75 ദിവസങ്ങള്‍ക്ക് ശേഷം ഡാമില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. വലിയ ആഴത്തിലുളള ഡാമായതിനാല്‍ സോണാര്‍ ഉപകരണങ്ങളുടെ സഹായത്തോടെയും പരിചയ സമ്ബന്നരായ മുങ്ങല്‍ വിദഗ്ദ്ധരുടെയും സഹായത്തോടെ പ്രത്യേകമായി തയ്യാറാക്കിയ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനം വഴിയാണ് മൃതദേഹം കണ്ടെത്തിയത്. 70 അടിയോളം താഴെയായിരുന്നു മൃതദേഹം. പത്താന്‍കോട്ടെ സൈനിക ആശുപത്രിയിലേക്ക് മൃതദേഹം എത്തിച്ചിട്ടുണ്ട്.

പഞ്ചാബ്കാശ്മീര്‍ അതിര്‍ത്തിയിലായാണ് ഡാം സ്ഥിതിചെയ്യുന്നത്. ഹെലികോപ്റ്റര്‍ ഓടിച്ചിരുന്ന മറ്റൊരു പൈലറ്റായ ലഫ്.കേണല്‍ എ.എസ് ബത്തിന്റെ മൃതദേഹം ഓഗസ്റ്റ് 15ന് ലഭിച്ചിരുന്നു. പരിശീലന പറക്കലിനിടെയാണ് രുദ്ര വിഭാഗത്തില്‍ പെട്ട ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

Top