കാണാതായ സൈനികന്റെ മൃതദേഹം മധ്യപ്രദേശ് റെയില്‍പാളത്തില്‍

deadbody

പത്തനംതിട്ട: ശ്രീനഗറില്‍ നിന്നും അവധിയെടുത്ത് നാട്ടിലേക്കുള്ള വഴിയില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. മണ്ണടി ആര്‍ദ്ര ഭവനില്‍ (കുരമ്പേലില്‍ കിഴക്കേതില്‍) എന്‍. വാസുദേവന്‍നായരുടെ മകന്‍ വി.അനീഷ് കുമാറിന്റെ(37) മൃതദേഹം മധ്യപ്രദേശ് റെയില്‍വെ പാളത്തിലാണ് കണ്ടെത്തിയത്. കേരള എക്‌സ്പ്രസില്‍ എ സി കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് അനീഷ് കുമാറിനെ കാണാതായത്. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മദ്രാസ് റജിമെന്റില്‍ നായിക് ആയ അനീഷ് കഴിഞ്ഞ മൂന്നിനാണ് ജോലി സ്ഥലത്തു നിന്ന് നാട്ടിലേക്ക് തിരിച്ചത്. 4ന് രാവിലെ 11ന് ഡല്‍ഹിയില്‍ നിന്ന് കേരള എക്‌സ്പ്രസില്‍ കയറി. അന്നു വൈകിട്ട് 7.45ന് ആണ് അവസാനമായി ഫോണില്‍ വീട്ടുകാരുമായി ബന്ധപ്പെട്ടത്. ഇതിനു ശേഷം മൊബൈല്‍ ഫോണില്‍ കിട്ടാതായി.

നേരം പുലര്‍ന്നപ്പോള്‍ അനീഷിനെ കാണാതായി എന്നാണ് ഒപ്പം യാത്ര ചെയ്തിരുന്നവരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. 5ന് വൈകിട്ട് 6.30ന് അനീഷിന്റെ ലഗേജുകള്‍ സീറ്റിലിരിക്കുന്ന വിവരം വീട്ടിലേക്ക് ഒരാള്‍ ഫോണില്‍ വിളിച്ചറിയിച്ചതായി ഭാര്യ ഗീതു പറഞ്ഞു. തുടര്‍ന്ന് റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്റെ സഹായത്തോടെ ലഗേജുകള്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയും അവിടെ നിന്ന് ബന്ധുക്കള്‍ കൈപ്പറ്റുകയുമായിരുന്നു.

Top