വെണ്ണിയോട് പുഴയില്‍ കാണാതായ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

dead body

കല്‍പ്പറ്റ : വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നാരായണന്‍കുട്ടിയുടെ ഭാര്യ ശ്രീജയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴാഴ്ച നാരായണന്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കുട്ടികള്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ചുണ്ടേല്‍ ആനപ്പാറ സ്വദേശിയായ നാരായണന്‍കുട്ടി(45), ഭാര്യ ശ്രീജ(37), മക്കളായ സൂര്യ(11), സായൂജ്(9) എന്നിവരെ ഞായറാഴ്ച രാവിലെയാണ് വെണ്ണിയോട് പുഴയില്‍ കാണാതായത്. കാണാതായ കുട്ടികളില്‍ സൂര്യ ആറാം ക്ലാസിലും സായൂജ് നാലാം ക്ലാസിലുമാണ് പഠിക്കുന്നത്. രണ്ട് പേരും ചുണ്ടേല്‍ ആര്‍ സി യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

പുഴയുടെ സമീപത്ത് നിന്ന് ആത്മഹത്യക്കുറിപ്പും ചെരുപ്പുകളും ബാഗും തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തിയിരുന്നു. തങ്ങള്‍ക്കു എന്തെങ്കിലും സംഭവിച്ചാല്‍ ബന്ധുക്കളെ വിവരമറിയിക്കാനായി ചില ഫോണ്‍ നമ്പരുകളും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഇവര്‍ക്കു സാമ്പത്തിക ബാധ്യതയുള്ളതായും കത്തില്‍ നിന്നും മനസിലാക്കുന്നു. ഇതേതുടര്‍ന്നാണ് പുഴയില്‍ തെരച്ചില്‍ നടത്തിയത്. ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് രാവിലെ വൈകിയാണ് തെരച്ചില്‍ ആരംഭിച്ചത്. നാട്ടുകാരും അഗ്‌നിശമനസേനയും പൊലീസും ചേര്‍ന്നാണ് തെരച്ചില്‍.

Top