അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പാര്‍ട്ടി ആസ്ഥാനമായ പിഎസ് സ്മാരക മന്ദിരത്തില്‍ പൊതു ദര്‍ശനം തുടങ്ങി. നിരവധി നേതാക്കളും അണികളും പ്രവര്‍ത്തകരും പ്രിയ നേതാവിനെ ഒരു നോക്ക് കാണാനായി ഇവിടേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. രാവിലെ കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ട് വന്ന മൃതദേഹം പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്.

ഉച്ചയ്ക്ക് രണ്ടു മണിയോടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര കോട്ടയത്തേയ്ക്ക് തിരിക്കും. സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വാഴൂരിലെ വീട്ടില്‍ എത്തിക്കും. നാളെ രാവിലെ 11 മണിക്ക് ആണ് സംസ്‌കാര ചടങ്ങുകള്‍. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് ഇന്നത്തെ നവകേരള സദസ് പൂര്‍ണ്ണമായും ഒഴിവാക്കി. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നാളെ ഉച്ചയോടെ നവകേരള സദസ്സ് പുനരാരംഭിക്കും.

വെളളിയാഴ്ച ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു കാനം രാജേന്ദ്രന്‍ അന്തരിച്ചത്. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തില്‍ പരിക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധയെ തുടര്‍ന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

Top