ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കിയതായി റിപ്പോര്‍ട്ട്. കായംകുളം സ്വദേശിയുടെ മൃതദേഹമാണ് മാറി നല്‍കിയത്. കൊവിഡ് ഐസിയുവില്‍ ചികിത്സയിലായിരുന്ന ചേര്‍ത്തല സ്വദേശി കുമാരനും കൊവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന കായംകുളം കൃഷ്ണപുരം സ്വദേശി രമണനും ഇന്ന് വൈകിട്ടോടെ മരണപ്പെട്ടിരുന്നു.

നടപടികള്‍ പൂര്‍ത്തിയാക്കി രണ്ട് പേരുടേയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയപ്പോള്‍ ആണ് മൃതദേഹം മാറി നല്‍കി പോയത്. കായംകുളം സ്വദേശിയുടെ മൃതദേഹമാണ് ചേര്‍ത്തല സ്വദേശിയുടെ ബന്ധുക്കള്‍ക്ക് മാറി നല്‍കിയത്. മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കള്‍ ചേര്‍ത്തലയിലേക്ക് പോകുകയും ചെയ്തു.

ഇതേ സമയം മെഡി.കോളേജില്‍ കാത്തിരുന്ന കായംകുളം സ്വദേശിയുടെ ബന്ധുക്കള്‍ മൃതദേഹം വിട്ടുകിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് അധികൃതരെ സമീപിച്ചപ്പോള്‍ ആണ് മൃതദേഹം മാറി നല്‍കിയെന്ന് വ്യക്തമായത്. ഇതോടെ ചേര്‍ത്തലയിലേക്ക് പോയ ആംബുലന്‍സ് തിരികെ വിളിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇരുകൂട്ടരുടേയും ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

Top