മണിമലയാറ്റില്‍ ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി

മണിമല: മണിമലയാറ്റില്‍ ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. മൂന്നു ദിവസത്തിന് ശേഷമായി തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പത്തിനാണ് ഇയാള്‍ മണിമല പാലത്തില്‍ നിന്ന് ചാടിയത്. ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.

ചങ്ങനാശേരി സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എന്‍. പ്രകാശിന്റെ (51) മൃതദേഹമാണ് ഇന്നലെ രാവിലെ ഏഴരയോടെ മൂങ്ങാനി തടയണ ഭാഗത്ത് കണ്ടെത്തിയത്.

അഗ്‌നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ദ്ധരും ഈരാറ്റുപേട്ടയില്‍ നിന്നുള്ള ടീം നന്മ പ്രവര്‍ത്തകരും രണ്ടുദിവസമായി തെരച്ചില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം തടയണയ്ക്കു സമീപം പൊങ്ങിയത്.

കങ്ങഴ സ്വദേശിയും ജോയിന്റ് കൗണ്‍സില്‍ മുന്‍ ജില്ലാ പ്രസിഡന്റുമായ പ്രകാശ്, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആറ്റില്‍ ചാടിയതെന്നാണ് സൂചന. ഭാര്യ: അമ്ബിളി. മകള്‍: പൂജാലക്ഷ്മി. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Top