രാഷ്ട്രീയമായി പരിശോധിച്ചാല്‍ സ്‌ഫോടനം ഭീകരാക്രമണമെന്ന് പറയേണ്ടിവരും, അന്വേഷിക്കട്ടെ; എം വി ഗോവിന്ദന്‍

കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്‌ഫോടനം ഗൗരവകരമായ പ്രശ്‌നമായി കാണുന്നു. സംഭവത്തില്‍ കര്‍ശനമായ നിലപാടെടുക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ജനാധിപത്യബോധമുള്ള മനുഷ്യര്‍ ഒറ്റക്കെട്ടായി ഈ സംഭവത്തെ അപലപിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.

ആസൂത്രിതമാണെന്ന് പറയാനായിട്ടില്ല. രാഷ്ട്രീയമായി പരിശോധിച്ചാല്‍ ഈ സംഭവം ഭീകരാക്രമണമെന്ന് പറയേണ്ടിവരും. മുന്‍വിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ല. എന്താണ് സംഭവമെന്ന് അന്വേഷിക്കട്ടെ. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ കഴിയുന്ന സംഭവം ആണ് എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരം
മറ്റ് വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ്. എറണാംകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിജിപി എറണാംകുളത്തേക്ക് തിരിച്ചു. മറ്റ് കാര്യത്തില്‍ ശേഖരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കളമശ്ശേരിലുണ്ടായ സ്‌ഫോടനത്തെ കുറിച്ച് വിവരങ്ങള്‍ ആവിശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Top