‘പത്മാവതി’യില്‍ മാറ്റം വേണമെന്ന് പറഞ്ഞ വസുന്ധര രാജെയ്‌ക്കെതിരെ ഷബാന ആസ്മി

ഡല്‍ഹി: ‘പത്മാവതി’ മാറ്റങ്ങളോടെ റിലീസ് ചെയ്യണമെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പ്രസ്താവനയെ വിമര്‍ശിച്ച് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷബാന ആസ്മി.

സിനിമയെ വിമര്‍ശക്കുന്നവരെ അനുകൂലിക്കുന്ന നിലപാടാണ് വസുന്ധര സ്വീകരിക്കുന്നതെന്ന് ഷബാന പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും, ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇത് പൂര്‍ത്തിയാക്കില്ലെന്നും, പത്മാവതി സിനിമയെ മുന്‍നിര്‍ത്തി വോട്ട് നേടാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഷബാന ആസ്മി കുറ്റപ്പെടുത്തി.

നേരത്തെ പത്മാവതിക്കെതിരായ നീക്കങ്ങളുണ്ടായ സാഹചര്യത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള ബഹിഷ്‌കരിക്കണമെന്ന് ഷബാന ആസ്മി ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് മാറ്റങ്ങളോടെ മാത്രം സിനിമയുടെ റിലീസ് നടത്താവൂ എന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചത്.

സിനിമ ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

Top