സമ്മര്‍ദ്ദത്തിലാക്കിയാലും സോണിയക്കെതിരെയുള്ള കേസ് പിന്‍വലിക്കില്ലെന്ന് ബിജെപി

ബംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കിയ അഭിഭാഷകനെയും കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെയും പ്രശംസിച്ച് ബിജെപി കര്‍ണാടക അധ്യക്ഷന്‍ നളിന്‍ കട്ടീല്‍. എന്തു സാഹചര്യം വന്നാലും സോണിയക്കെതിരെയുള്ള കേസില്‍ നിന്ന് പിന്നോട്ടില്ലെന്നും ബിജെപി ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ എത്ര നോക്കിയാലും ഈ വിഷയത്തില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോണിയക്കെതിരെയുള്ള എഫ്‌ഐആര്‍ പിന്‍വലിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിജെപി വിഷയത്തില്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററില്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റിന്റെ പേരിലാണ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുള്ള സാഗര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് സോണിയെക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും കേന്ദ്ര സര്‍ക്കാരിനെ കുറിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് കാണിച്ച് കെ വി പ്രവീണ്‍ എന്ന അഭിഭാഷകനാണ് സോണിയക്കെതിരെ പരാതി നല്‍കിയത്.

Top